കേരളത്തില്‍ ലൗ ജിഹാദെന്ന് ആവര്‍ത്തിച്ച് സീറോ മലബാർ സഭ ; പള്ളികളില്‍ ഇടയലേഖനം

Jaihind News Bureau
Sunday, January 19, 2020

കേരളത്തില്‍ ലൗ ജിഹാദെന്ന് ആവര്‍ത്തിച്ച് സീറോ മലബാർ സഭ. സിനഡ് തീരുമാനം അറിയിക്കുന്നതിന്‍റെ ഭാഗമായാണ് അതിരൂപതയുടെ കീഴിലുള്ള പള്ളികളിൽ ഇടയലേഖനം വായിച്ചത്. വര്‍ധിച്ച് വരുന്ന ലൗ ജിഹാദ് മതസൗഹാര്‍ദത്തെ അപകടപ്പെടുത്തുന്നുവെന്നും അതിനെതിരെ കുട്ടികളെ ബോധവത്കരിക്കണമെന്നും ഇടയലേഖനത്തിൽ ആവശ്യപ്പെടുന്നുണ്ട്.
എന്നാൽ എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുള്ള ചില പള്ളികളിൽ ഇടയലേഖനം വായിച്ചില്ല.

വര്‍ധിച്ചു വരുന്ന ലൗ ജിഹാദ് മതസൗഹാര്‍ദത്തെ അപകടപ്പെടുത്തുന്നതാണെന്ന് ഇടയലേഖനം പറയുന്നു. ഐ.എസ് പോലുള്ള ഭീകരസംഘടനയിലേക്ക് ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നതിന് ലൗ ജിഹാദ് കാരണമാകുന്നു എന്നാണ് ഇടയലേഖനം പറയുന്നത്. ഇക്കാര്യത്തില്‍ അടിയന്തര നടപടിയെടുക്കണമെന്നും ഇടയലേഖനം ആവശ്യപ്പെടുന്നു. ലൗ ജിഹാദ് സംബന്ധിച്ച് കുട്ടികളെയും രക്ഷിതാക്കളെയും സഭ ബോധവത്കരിക്കണമെന്നും ഇടയലേഖനത്തില്‍ ആവശ്യപ്പെടുന്നു.

കഴിഞ്ഞ ദിവസം അവസാനിച്ച സിനഡാണ് കേരളത്തില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ തോതില്‍ ലൗ ജിഹാദ് നടക്കുന്നുവെന്ന് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. കേരളത്തില്‍ നിന്ന് ഐ.എസിലേക്ക് റിക്രൂട്ട് ചെയ്ത 21 പേരില്‍ പകുതിയോളം പേര്‍ ക്രിസ്ത്യന്‍ വിശ്വാസത്തില്‍ നിന്ന് മതപരിവര്‍ത്തനം ചെയ്യപ്പെട്ടവരാമെന്നുമായിരുന്നു സിനഡിന്‍റെ വിലയിരുത്തല്‍. ഇതുമായി ബന്ധപ്പെട്ട് പോലീസ് റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടിയാണ് സഭ സര്‍ക്കുലര്‍ ഇറക്കിയത്. ഈ വിഷയത്തെ മതപരമായി മനസിലാക്കാതെ സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ക്രമസമാധാനപ്രശ്നമായോ ഭീകരവാദപ്രവർത്തനമായോ മനസിലാക്കി നിയമപാലകർ അടിയന്തര നടപടി എടുക്കണമെന്ന് സീറോ മലബാർ സഭ സിനഡ് ആവശ്യപ്പെട്ടതായി സർക്കുലറിലുണ്ട്.