രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍ ഔദ്യോഗിക വാഹനം ഉപയോഗിക്കരുതെന്ന കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിന്റെ നിര്‍ദ്ദേശം തള്ളി ഇടത് സിന്‍ഡിക്കേറ്റ്. കേരള സര്‍വകലാശാലയുടെ എല്ലാ വസ്തുക്കളുടെയും അവകാശ നിര്‍വഹണ ചുമതല സര്‍വകലാശാല ചട്ട പ്രകാരം സിന്‍ഡിക്കേറ്റിന്റെ അധികാരപരിധിയില്‍ ആണെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ വ്യക്തമാക്കി. നേരത്തെ രജിസ്ട്രാര്‍ ഓഫീസില്‍ കയറുകയോ ഫയലുകള്‍ നോക്കുകയോ ചെയ്യരുതെന്ന നിര്‍ദേശവും സിന്‍ഡിക്കേറ്റ് തള്ളിയിരുന്നു. ഇന്ന് ഔദ്യോഗിക വാഹനത്തില്‍ തന്നെ അനില്‍ കുമാര്‍ സര്‍വകലാശാലയില്‍ എത്തിയേക്കും.
അതേസമയം സര്‍ക്കാര്‍ അതിവേഗം പട്ടിക നല്‍കിയതോടെ കെ ടി യു .ഡിജിറ്റല്‍ സര്‍വകലാശാല താല്‍ക്കാലിക വിസി നിയമനത്തില്‍ ഗവര്‍ണര്‍ക്ക് ഉടന്‍ തീരുമാനമെടുക്കേണ്ടി വരും. മൂന്ന് പേരുടെ പട്ടികയാണ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കൈമാറിയത്. ഹൈക്കോടതി വിധി പ്രകാരമാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. രാജ്ഭവന്‍ അപ്പീലിന് പോകും മുന്‍പാണ് സര്‍ക്കാര്‍ പട്ടിക നല്‍കിയത്. പ്രൊഫ .ജയപ്രകാശ്, പ്രൊഫ എ.പ്രവീണ്‍, പ്രൊഫ . ആര്‍. സജീബ്, എന്നിവരുടെ പേരുകളാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ താത്കാലിക വി.സി നിയമനത്തില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ ഗവര്‍ണറുടെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയ സാഹചര്യത്തിലായിരുന്നു നീക്കം.