Youth Congress Protest| ‘ഊഞ്ഞാലാട്ടവും ഓണക്കളികളും’: അബാന്‍ മേല്‍പ്പാലത്തിലെ യാത്രാദുരിതത്തില്‍ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

Jaihind News Bureau
Saturday, August 16, 2025

പത്തനംതിട്ട: പത്തനംതിട്ടയിലെ അബാന്‍ മേല്‍പ്പാലത്തിന്റെയും റോഡിന്റെയും നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് വ്യത്യസ്തമായ സമര പരിപാടി സംഘടിപ്പിച്ചു. മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെയും ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെയും മുഖംമൂടി ധരിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

പണി പൂര്‍ത്തിയാകാത്ത അബാന്‍ മേല്‍പ്പാലവും റോഡും കാരണം ജനങ്ങളും വ്യാപാരികളും ഏറെക്കാലമായി ദുരിതമനുഭവിക്കുകയാണെന്നും, ഇതിന് ശാശ്വത പരിഹാരം കാണണമെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. ഈ വിഷയത്തില്‍ അധികാരികളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതിനായാണ് മുഖംമൂടി ധരിച്ചുള്ള സമരം സംഘടിപ്പിച്ചതെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡന്‍ പറഞ്ഞു.

വിശാലമായ ട്രാഫിക് ബ്ലോക്കില്‍ ഊഞ്ഞാലാടിയും വള്ളത്തില്‍ കയറിയുമാണ് പ്രവര്‍ത്തകര്‍ സമരം നടത്തിയത്. വീണാ ജോര്‍ജിന്റെ മുഖംമൂടി ധരിച്ച വനിതാ പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബസ് സ്റ്റാന്‍ഡിന് ചുറ്റും നടന്നതിന് ശേഷമാണ് ‘ഊഞ്ഞാലാട്ടവും ഓണക്കളികളും’ എന്ന പേരില്‍ നടത്തിയ ഈ വേറിട്ട പ്രതിഷേധ പരിപാടി അവസാനിപ്പിച്ചത്.