സ്വര്‍ണപ്പാളി വിവാദം: സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം; കോടതി ഇടപെട്ടില്ലായിരുന്നെങ്കില്‍ അയ്യപ്പ വിഗ്രഹം പോലും അടിച്ചുമാറ്റുമായിരുന്നു എന്ന് വി.ഡി. സതീശന്‍

Jaihind News Bureau
Thursday, October 9, 2025

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ പ്രതിഷേധം കടുപ്പിച്ച പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. ഭരണപക്ഷത്തിനെതിരെ രൂക്ഷമായ ആരോപണങ്ങളുന്നയിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കോടതി ഇടപെട്ടില്ലായിരുന്നെങ്കില്‍ ശബരിമലയിലെ അയ്യപ്പ വിഗ്രഹം പോലും അടിച്ചുമാറ്റിയേനെ എന്ന് കുറ്റപ്പെടുത്തി. ശബരിമലയില്‍ ഇപ്പോള്‍ അയ്യപ്പ വിഗ്രഹം മാത്രമാണ് ബാക്കിയുള്ളതെന്നും, മറ്റെല്ലാം ‘അടിച്ചുമാറ്റി’യെന്നും വി ഡി സതീശന്‍ ആരോപിച്ചു.

സഭയ്ക്കുള്ളില്‍ ഭരണപക്ഷം പ്രകോപനം സൃഷ്ടിച്ചുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. പ്രതിഷേധത്തിനിടെ എം. വിന്‍സെന്റ് എം.എല്‍.എ.യെ ഭരണപക്ഷാംഗങ്ങള്‍ കയ്യേറ്റം ചെയ്തു എന്നും, സനീഷ് കുമാര്‍ ജോസഫിനെതിരെയും കയ്യേറ്റം നടന്നുവെന്നും അദ്ദേഹം പറഞ്ഞു. സഭയില്‍ പ്രതിപക്ഷത്തിനെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയതായും വി ഡി സതീശന്‍ ആരോപിച്ചു.

ശബരിമലയിലെ ശില്‍പ്പം വിറ്റത് എവിടെയാണെന്ന് മുന്‍ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന് അറിയാമെന്നും വി.ഡി. സതീശന്‍ ആരോപിച്ചു. അതോടൊപ്പം, സഭയില്‍ പ്രതിപക്ഷത്തിനെതിരെ നടപടിയെടുത്ത ചീഫ് മാര്‍ഷല്‍ നേരത്തെയും കള്ള സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുള്ള വ്യക്തിയാണെന്നും സതീശന്‍ പറഞ്ഞു.

ശബരിമലയെ കട്ടുമുടിച്ചവര്‍ക്കെതിരെ സഭയ്ക്ക് അകത്തും പുറത്തും ശക്തമായ സമരം തുടരുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധ പ്രകടനമായി സഭയ്ക്ക് പുറത്തേക്ക് പോയത്.