CONGRESS| സ്വര്‍ണപ്പാളി വിവാദം: സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്; സംസ്ഥാന വ്യാപകമായി മേഖലാ ജാഥകളും മഹാസമ്മേളനവും സംഘടിപ്പിക്കും

Jaihind News Bureau
Monday, October 6, 2025

ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കോണ്‍ഗ്രസ്. വിഷയത്തില്‍ സംസ്ഥാന വ്യാപകമായി നാല് മേഖലാ ജാഥകളും പന്തളത്ത് ജാഥയും മഹാസമ്മേളനവും സംഘടിപ്പിക്കാന്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ തീരുമാനമായി. സ്വര്‍ണപ്പാളി വിഷയത്തില്‍ ദേവസ്വം വിജിലന്‍സിന്റെ ഇടക്കാല റിപ്പോര്‍ട്ടിലെ ഗുരുതര കണ്ടെത്തലുകളെ തുടര്‍ന്ന് ഹൈക്കോടതി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു.

ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം സംസ്ഥാന സര്‍ക്കാരിനെയും ഭരണകക്ഷിയായ സിപിഎമ്മിനെയും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഈ വിഷയത്തില്‍ സംഭവിച്ച ചുവടുപിഴവ് കാരണം ഇടതു സര്‍ക്കാര്‍ നിലയില്ലാക്കയത്തില്‍ അകപ്പെട്ട അവസ്ഥയിലാണ്. രാജ്യത്തെ പ്രധാന ഹൈന്ദവ ക്ഷേത്രത്തില്‍നിന്ന് കിലോ കണക്കിന് സ്വര്‍ണം ‘അടിച്ച മാറ്റിയ’ ഗുരുതര വിഷയത്തില്‍ മൗനം പാലിച്ചാല്‍ സമുദായങ്ങള്‍ക്കിടയില്‍നിന്ന് പോലും ശക്തമായ എതിര്‍പ്പുണ്ടാകും എന്ന് ഈ സംഘടന ഭയപ്പെടുന്നു. ‘അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിക്കാന്‍ ഭരണമുന്നണിയില്‍പ്പെട്ടവരുടെ പിന്തുണയുണ്ടായിരുന്നു’ എന്ന അതിഗുരുതരമായ ആരോപണം, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ സര്‍ക്കാരിനും സിപിഎമ്മിനും കനത്ത തിരിച്ചടിക്ക് കാരണമാവുമെന്ന ഭീതി മുഖ്യമന്ത്രിയെയും കൂട്ടരെയും അലട്ടുന്നുണ്ട്.

ചുരുക്കത്തില്‍, ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ചാ വിവാദം സര്‍ക്കാരിന്റെ മുഖം നഷ്ടപ്പെടുത്തിയിരിക്കുകയാണ്, കൂടാതെ രാഷ്ട്രീയപരമായും സമുദായ പിന്തുണയുടെ കാര്യത്തിലും വന്‍ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ട്.