സ്വർണ്ണക്കടത്തിലെ ‘ചെമ്പ്’ പുറത്തായി; സ്വപ്നയുടെ വെളിപ്പെടുത്തലില്‍ കുരുക്കിലായി മുഖ്യമന്ത്രി

Jaihind Webdesk
Wednesday, June 8, 2022

 

തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്‍റെ വെളിപ്പെടുത്തലോടെ കുരുക്കിലാകുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. 2016 ൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ഔദ്യോഗിക വിദേശ സന്ദർശനത്തിനിടെ കറൻസി കടത്തിയെന്നാണ് സ്വപ്നാ സുരേഷിന്‍റെ തുറന്നുപറച്ചിൽ. 2016 ഡിസംബർ 21 മുതൽ 26 വരെ യുഎഇ സന്ദർശിച്ചിട്ടുണ്ടെന്ന് നിയമസഭയിൽ വ്യക്തമാക്കിയ മുഖ്യമന്ത്രി പക്ഷേ ഇതിന്‍റെ ഉദ്ദേശ ലക്ഷ്യങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിട്ടില്ല. ഇതോടെ സ്വപ്ന നടത്തിയ വെളിപ്പെടുത്തലുകളുടെ ഗൗരവം വർധിച്ചിരിക്കുകയാണ്.

ഒരു ഇടവേളയ്ക്ക് ശേഷം സ്വർണ്ണക്കടത്ത് കേസ് വീണ്ടും ചർച്ചയാകുമ്പോൾ ചോദ്യശരം ഏറ്റുവാങ്ങുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ ഏറ്റവും പ്രധാനം 2016 ലെ യാത്ര സംബന്ധിച്ചുതന്നെയാണ്. മുഖ്യമന്ത്രി 2016 ൽ നടത്തിയ ഔദ്യോഗിക വിദേശ സന്ദർശനത്തിനിടെ കറൻസി കടത്തിയെന്നാണ് സ്വപ്നാ സുരേഷിന്‍റെ തുറന്നുപറച്ചില്‍. ഈ സമയത്ത് കറൻസി അടങ്ങിയ ബാഗ് മറന്നതുമായി ബന്ധപ്പെട്ടാണ് ശിവശങ്കർ തന്നെ ആദ്യം വിളിച്ചതെന്നും സ്വപ്ന വെളിപ്പെടുത്തി.

അതേസമയം 21.12.2016 മുതൽ 25.12-2016 വരെ താൻ നടത്തിയ യുഎഇ സന്ദർശനം ഔദ്യോഗിക സന്ദർശനമാണെന്ന് മുഖ്യമന്ത്രിയുടെ രേഖാമൂലം നിയമസഭയിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഈ യാത്രയുടെ ലക്ഷ്യവും ഉദ്ദേശവും എന്താണെന്ന് മുഖ്യമന്ത്രി നിയമസഭയിലെ മറുപടിയിൽ വെളിപ്പെടുത്താത്തത് സ്വപ്നയുടെ വെളിപെടുത്തലിന്‍റെ പശ്ചാത്തലത്തിൽ ദുരൂഹമാവുകയാണ്. അതോടൊപ്പം വിഷയത്തിൽ പ്രതികരണം ഒരു പത്രക്കുറിപ്പിൽ ഒതുക്കിത്തീർക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ.

ഇത്രയും ഗൗരവമായ കാര്യത്തിൽ പോലും മുഖ്യമന്ത്രിക്കോ സിപിഎമ്മിനോ മറുപടി ഇല്ലാത്തത് സംശയത്തിന് വഴിവെക്കുകയാണ്. കേസിന്‍റെ ഒരു ഘട്ടത്തിൽ തനിക്ക് സ്വപ്നയെ അറിയില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാൽ പിന്നീട് നിലപാട് മാറ്റേണ്ടി വന്നു മുഖ്യമന്ത്രിക്ക്. 2016 ലെ യാത്രയിൽ കറൻസി കടത്തിയെന്ന് സ്വപ്ന പറയുമ്പോൾ, അതിന്‍റെ യാഥാർത്ഥ്യം അറിയേണ്ടത് അനിവാര്യമാണ്. വരും ദിവസങ്ങളിൽ ഇക്കാര്യം അന്വേഷണ പരിധിയിൽ വരികയാണെങ്കിൽ മുഖ്യമന്ത്രി കൂടുതൽ പ്രതിരോധത്തിലാകും എന്നതിൽ സംശയമില്ല.