സ്വപ്നയെ ശുപാർശ ചെയ്തത് ശിവശങ്കർ ; വെളിപ്പെടുത്തല്‍ സസ്പെന്‍ഷന്‍ ഉത്തരവില്‍

Jaihind News Bureau
Friday, July 17, 2020

 

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിനെ സ്പേസ് പാര്‍ക്കിലെ ജോലിക്ക് ശുപാർശ ചെയ്തത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കർ. ശിവശങ്കറിന്‍റെ സസ്പെന്‍ഷന്‍ ഓർഡറിലാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തലുള്ളത്.

സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം സംബന്ധിച്ച് നിരവധി ആരോപണങ്ങള്‍ നേരിട്ടിട്ടും ശിവശങ്കറിനെ സംരക്ഷിക്കുന്ന നയമായിരുന്നു മുഖ്യമന്ത്രി സ്വീകരിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ശിവശങ്കറെ നീക്കിയ ശേഷം ഒമ്പതാം ദിവസമാണ് സസ്പെൻഷൻ നടപടിയുണ്ടായത്. ചീഫ് സെക്രട്ടറി തല അന്വേഷണം പ്രഖ്യാപിച്ചതിന് അഞ്ചാം ദിവസമാണ് സസ്പെന്‍ഷന്‍ നടപടിയുണ്ടായത്.

അതേസമയം സസ്പെന്‍ഷന്‍, പൊലീസ് അന്വേഷണം തുടങ്ങിയ കാര്യങ്ങളെല്ലാം വൈകിപ്പിച്ചത് സർക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയെന്ന് സി.പി.എം സെക്രട്ടറിയേറ്റില്‍ വിമർശനമുയർന്നു. നടപടി ഇത്രയും നീണ്ടുപോകരുതായിരുന്നുവെന്ന് മുന്നണിയിലും പാർട്ടിക്കുള്ളില്‍ തന്നെയും അഭിപ്രായമുണ്ട്. വലിയ സമ്മർദ്ദങ്ങള്‍ക്കൊടുവിലാണ് മുഖ്യമന്ത്രിക്ക് തന്‍റെ വിശ്വസ്തനെ കയ്യൊഴിയേണ്ടിവന്നത്.