വ്യാജ സർട്ടിഫിക്കറ്റ് കേസ് : സ്വപ്ന സുരേഷിനെ വീണ്ടും ചോദ്യം ചെയ്യും; തട്ടിപ്പിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കും

Jaihind News Bureau
Saturday, December 5, 2020

വ്യാജ സർട്ടിഫിക്കറ്റ് കേസിൽ സ്വപ്ന സുരേഷിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. വ്യാജ സർട്ടിഫിക്കറ്റിന്‍റെ അസ്സൽ പകർപ്പ് പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. തട്ടിപ്പിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്.

വ്യാജ സർട്ടിഫിക്കറ്റിന്‍റെ അസ്സൽ പകർപ്പ് കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് സ്വപ്ന സുരേഷിനെ വീണ്ടും ചോദ്യം ചെയ്യാൻ പോലീസ് ഒരുങ്ങുന്നത്. കേസിൽ പ്രൈസ് വാട്ടർ ഹൗസ് കൂപ്പർസ് പ്രതിനിധിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. വിഷൻ ടെക്നോളജീസാണ് സ്വപ്നയെ സ്പെയ്സ് പാർക്കിൽ നിയമിച്ചതെന്നാണ് മൊഴി. സർട്ടിഫിക്കറ്റിന്‍റെ അസ്സൽ പകർപ്പ് നശിപ്പിച്ചൊയെന്ന പൊലീസിന്‍റെ സംശയം ബലപ്പെടുകയാണ്.

തെരഞ്ഞെടുപ്പിനുശേഷം സ്വപ്ന വീണ്ടും ചോദ്യം ചെയ്യാൻ കോടതിയുടെ അനുമതി തേടാനാണ് പൊലീസിന്‍റെ നീക്കം. വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചത് തലസ്ഥാനം കേന്ദ്രീകരിച്ച് തന്നെയാണ് എന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചതിന് പിന്നിൽ ആരൊക്കെയാണ് പ്രവർത്തിച്ചത് തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കാനാണ് സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യാൻ കന്‍റോൺമെന്‍റ് പൊലീസ് ഒരുങ്ങുന്നത്. സ്പെയസ് പാർക്കിലെ ഓപ്പറേഷൻ മാനേജർ തസ്തികക്കു വേണ്ടിയാണ് മഹാരാഷ്ട്ര ഡോ.ബാബാസാഹിബ് അംബേദ്കർ ടെക്നോളജി സർവകലാശാലയുടെ പേരിൽ സ്വപ്ന സുരേഷ് വ്യാജരേഖ നൽകിയത്.