ജീവന് ഭീഷണിയുണ്ട്; സംരക്ഷണം ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് കോടതിയില്‍

Jaihind News Bureau
Tuesday, December 8, 2020

തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് കോടതിയിൽ പറഞ്ഞു. ഇതേത്തുടർന്ന് സ്വപ്നയ്ക്ക് സംരക്ഷണം നല്‍കണമെന്ന് ജയില്‍ ഡിജിപിയ്ക്കും സൂപ്രണ്ടിനും കോടതി നിർദ്ദേശം നല്‍കി.

പൊലീസ് ഉദ്യോ​ഗസ്ഥരെന്ന് തോന്നുന്ന ചിലർ അട്ടക്കുളങ്ങര ജയിലിൽ വന്ന് കണ്ടിരുന്നുവെന്നും അന്വേഷണ ഏജൻസിയുമായി സഹകരിക്കരുതെന്ന് ആവശ്യപ്പെട്ടുവെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി. തന്നെയും കുടുംബത്തെയും അപകടപ്പെടുത്താൻ ശേഷിയുളളവരാണെന്ന് മുന്നറിയിപ്പ് നൽകിയ അവർ കേസുമായി ബന്ധമുളള ഉന്നതരുടെ പേരുകൾ പറയരുതെന്ന് ആവശ്യപ്പെട്ടുവെന്നും സ്വപ്ന വെളിപ്പെടുത്തി. ഭീഷണിപ്പെടുത്തിയവരെ കണ്ടാല്‍ തിരിച്ചറിയാമെന്നും സ്വപ്ന പറഞ്ഞു.

സ്വപ്നയുടെ കസ്റ്റഡി കാലാവധി അവസാനിച്ചു. 22ആം തീയതി വരെ റിമാന്‍റില്‍ തുടരും.