ലൈഫ് മിഷൻ കരാറുകാരൻ പണം നൽകിയെന്ന് സ്വപ്ന; ‘കോണ്‍സല്‍ ജനറല്‍ വിഹിതം നല്‍കി’

Jaihind News Bureau
Tuesday, August 18, 2020

 

കൊച്ചി: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയുടെ കരാറുകാരൻ പണം നൽകിയെന്ന് സമ്മതിച്ച് സ്വപ്ന സുരേഷ്. യു.എ.ഇ കോൺസുലിനാണ് തുക ലഭിച്ചതെന്നും സ്വപ്ന കോടതിയിൽ വ്യക്തമാക്കി. അതേസമയം സ്വർണ്ണക്കടത്ത് കേസിൽ ഉന്നത ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് എൻഫോഴ്സ്മെന്‍റ് കോടതിയെ അറിയിച്ചു.

ബാങ്ക് ലോക്കറിൽ കണ്ടെത്തിയത് യുഎഇ കോൺസൽ ജനറൽ തനിക്ക് സമ്മാനമായി നൽകിയ തുകയാണ്.ലൈഫ് മിഷൻ പദ്ധതിയുടെ കരാർ ലഭിച്ച കമ്പനി കോൺസൽ ജനറലിന് കമ്മീഷൻ നൽകിയിരുന്നു. ഇതിന്‍റെ ഒരു വിഹിതം തനിക്ക് സമ്മാനമായി ലഭിക്കുകയായിരുന്നെന്നും സ്വപ്ന കോടതിയിൽ പറഞ്ഞു.  ജാമ്യാപേക്ഷയിൽ വാദം നടക്കുന്നതിനിടെയാണ് അഭിഭാഷകൻ വഴി സ്വപ്ന ഇക്കാര്യം കോടതിയെ അറിയിച്ചത്. തന്‍റെ ലോക്കറിലുള്ളത് സ്വർണ്ണക്കടത്ത്പണമല്ലെന്നും താൻ 19 വയസു മുതൽ ജോലി ചെയ്യുന്നുണ്ടെന്നും സ്വപ്ന കോടതിയിൽ വ്യക്തമാക്കി.

എന്നാൽ ലോക്കറിലുള്ളത് വിവാഹത്തിന് ലഭിച്ച സ്വർണ്ണമല്ലെന്നും ലൈഫ് മിഷൻ പദ്ധതിയിൽ കരാറെടുത്ത കമ്പനി സ്വപ്നക്ക് നേരിട്ടാണ് കമ്മീഷൻ നൽകിയതെന്നും എൻഫോഴ്സ്മെന്‍റ് കോടതിയെ അറിയിച്ചു. ലോക്കറിലുള്ളത് കള്ളപ്പണമല്ലന്ന് സ്വപ്ന കോടതിയെ അറിയിച്ചു.എന്നാൽ കള്ളപ്പണമല്ലെങ്കിൽ എന്തിന് ലോക്കറിൽ സൂക്ഷിച്ചെന്ന് കോടതി ചോദിച്ചു. കേസുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നും ഇതേ കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും എൻഫോഴ്സ്മെന്‍റ് കോടതിയെ അറിയിച്ചു.

ലൈഫ് പദ്ധതിയിൽ വീട് നിർമ്മിക്കാൻ കരാറെടുത്ത യൂണി ടാക്ക് എന്ന കമ്പനി ഉദ്യോഗസ്ഥരോട് യു എ ഇ കോൺസുൽ ജനറൽ എം.ശിവശങ്കറിനെ കാണാൻ ആവശ്യപ്പെട്ടിട്ടുണ്ടന്നു ഇതേ കുറിച്ച് അന്വേഷണം ആവശ്യമാണെന്നും എൻഫോഴ്സ്മെൻറ് വ്യക്തമാക്കി. സ്വപ്നയുടെ ജാമ്യഹർജിയിൽ ഈ മാസം 21 ന് കോടതി വിധി പറയും.

teevandi enkile ennodu para