മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളം, സെക്രട്ടേറിയറ്റിലെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവിടണം: വെല്ലുവിളിച്ച് സ്വപ്ന

 

കൊച്ചി: തന്നെ അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമെന്ന് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ്. സെക്രട്ടേറിയറ്റിലെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവിടാനും വെല്ലുവിളി. ഒറ്റയ്ക്കും കോണ്‍സല്‍ ജനറലിനൊപ്പവും രഹസ്യ കൂടിക്കാഴ്ചയ്ക്കായി രാത്രി ഏഴ് മണിക്ക് ശേഷം ക്ലിഫ് ഹൗസില്‍ പോയിട്ടുണ്ടെന്നും ഈ കൂടിക്കാഴ്ചയൊന്നും വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതിയോടെയല്ലെന്നും സ്വപ്‌ന പറഞ്ഞു.

ഒരു സുരക്ഷാ പരിശോധനയോ തടസമോ ഇല്ലാതെയാണ് ക്ലിഫ് ഹൗസിലേക്ക് കയറി പോയത്. മറ്റൊരു രാജ്യത്തിന്‍റെ പ്രതിനിധിയായ കോണ്‍സല്‍ ജനറലിന് ക്ലിഫ്ഹൗസിലെത്തി മുഖ്യമന്ത്രിയെ കാണാന്‍ പറ്റില്ല. അതിനാല്‍ ഈ കൂടിക്കാഴ്ചയെല്ലാം ചട്ടവിരുദ്ധമാണ്. സ്വപ്നയെ അറിയില്ലെന്ന് പറയുന്നതുപോലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി മുഖ്യമന്ത്രി നിയമസഭയില്‍ പലപല കള്ളങ്ങള്‍ പറയുന്നത് ശരിയല്ലെന്നും സ്വപ്‌ന പറഞ്ഞു. ഇതെല്ലാം പച്ചക്കള്ളമാണെങ്കില്‍ 2016 മുതല്‍ 2020 വരെയുള്ള ക്ലിഫ്ഹൗസിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണമെന്നും സ്വപ്‌ന ആവശ്യപ്പട്ടു.

തിരുവനന്തപുരം വിമാനത്താവളത്തില്‍ എല്ലാവരും ഇവരെയെല്ലാം തൊഴുതു മാത്രമേ നില്‍ക്കാറുള്ളു. അവിടെയുള്ളവരെ സ്വാധീനിക്കാന്‍ ഇവര്‍ക്കെല്ലാമറിയാം. ഇവര്‍ക്ക് നയതന്ത്ര പരിരക്ഷ വേണ്ടത് യുഎഇയിലാണ്. അതുകൊണ്ടാണ് യുഎഇ കോണ്‍സല്‍ ജനറലിന്‍റെ നയതന്ത്ര പരിരക്ഷ ഉപയോഗിക്കേണ്ടി വന്നതും വിദേശത്തേക്ക് ബാഗേജ് കൊണ്ടുപോയതെന്നും സ്വപ്‌ന ആരോപിച്ചു. ഷാജ് കിരണ്‍ മുഖ്യമന്ത്രിയുടെ മധ്യസ്ഥനായിട്ടല്ല തന്നെ സമീപിച്ചതെങ്കില്‍ രാത്രിക്ക് രാത്രി എഡിജിപി അജിത്ത് കുമാറിനെ എന്തിനാണ് സര്‍ക്കാര്‍ സ്ഥലംമാറ്റിയതെന്നും ഷാജ് കിരണിനെതിരെ എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാതിരുന്നതെന്നും സ്വപ്ന ചോദിച്ചു.

Comments (0)
Add Comment