‘ജലീല്‍ ശുപാർശയ്ക്കായി വിളിച്ചു , കടകംപള്ളി മകന്‍റെ ജോലിക്കാര്യത്തിനായി വന്നു’ ; മന്ത്രിമാർക്ക് കുരുക്കായി മൊഴി | VIDEO

Jaihind News Bureau
Tuesday, October 20, 2020

 

കൊച്ചി : സ്വര്‍ണക്കളളക്കടത്ത് കേസില്‍  സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി മന്ത്രിമാര്‍ക്കെതിരെ പ്രതി സരിത്തിന്‍റെ മൊഴി. യുഎഇ കോണ്‍സുലേറ്റില്‍ മന്ത്രിമാരായ കെ.ടി. ജലീലും കടകംപള്ളി സുരേന്ദ്രനും നിത്യസന്ദര്‍ശകരെന്ന് സരിത്ത് ഇ.ഡിക്ക് മൊഴി നല്‍കി.

മകന്‍റെ  യുഎഇയിലെ ജോലിക്കാര്യത്തിനായാണ് കടകംപളളി സുരേന്ദ്രന്‍ കോണ്‍സുലേറ്റിലെത്തി കോണ്‍സല്‍ ജനറലിനെ കണ്ടത്. ഖുര്‍ആനും ഈന്തപ്പഴവും വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ക്കായാണ്  ജലീല്‍ കോണ്‍സുലേറ്റിലെത്തിയത്. സംഭാവന വാങ്ങുന്നതിന് കാന്തപുരം അബൂബക്കര്‍ മുസലിയാരും മകനും നിരവധി തവണ കോണ്‍സുലേറ്റില്‍ എത്തിയിട്ടുണ്ടെന്നും സരിത്ത് അന്വേഷണ സംഘത്തിന് മുന്നിൽ വ്യക്തമാക്കി.

ശിവശങ്കറിന്‍റെ ശുപാര്‍ശയിലാണ് സ്വപ്നക്ക് സ്‌പേസ് പാര്‍ക്കില്‍ ജോലി കിട്ടിയത്. കള്ളക്കടത്തിനെപ്പറ്റി കോണ്‍സുല്‍ ജനറലിനോട് ഒരിക്കലും പറഞ്ഞിട്ടില്ല. എന്നാല്‍ കോണ്‍സുല്‍ ജനറലിന്‍റെ പേരിലും കള്ളക്കടത്തിന് കമ്മീഷന്‍ കൈപ്പറ്റിയിരുന്നു. രണ്ട് തവണ സ്വര്‍ണം വന്നപ്പോള്‍ അറ്റാഷെയ്ക്ക് 1500 ഡോളര്‍ വീതം കമ്മീഷന്‍ നല്‍കിയെന്നും സരിത്തിന്‍റെ മൊഴിയില്‍ പറയുന്നു.

മന്ത്രി കെ.ടി ജലീലിന്‍റെ ഫോണ്‍ നമ്പര്‍ ചൂണ്ടിക്കാട്ടി നമ്പര്‍ ആരുടേതെന്ന് എന്‍ഫോഴ്‌സ്‌മെന്‍റ് ചോദിച്ചു. കെ ടി ജലീലിന്‍റെ നമ്പര്‍ ആണെന്ന് സ്വപ്ന മൊഴി നല്‍കി. നാല് തവണ വ്യത്യസ്ത ആവശ്യങ്ങളുമായി ജലീല്‍ ഫോണില്‍ ബന്ധപ്പെട്ടു. അലാവുദ്ദീന്‍ എന്നയാള്‍ക്ക് ജോലി ലഭിക്കുന്നതിന് സഹായം തേടിയും, ദുബായിലെ ജയിലില്‍ കിടക്കുന്നയാളെ ഡീപോര്‍ട്ട് ചെയ്യുന്നതിന് വേണ്ടിയുമാണ് മന്ത്രി വിളിച്ചത്. പിന്നീട് കൊവിഡ് കാലത്ത് തന്‍റെ മണ്ഡലത്തില്‍ ഭക്ഷ്യക്കിറ്റ് വിതരണത്തിന് സഹായം തേടിയും ജലീല്‍ കോണ്‍സുലേറ്റിലേക്ക് വിളിച്ചതായി സ്വപ്ന സുരേഷും മൊഴി നല്‍കിയിട്ടുണ്ട്.