മുഖ്യമന്ത്രിയുടെ ദൂതനായെത്തി ഭീഷണിപ്പെടുത്തി; ഷാജ് കിരണുമായുള്ള സംഭാഷണത്തിന്‍റെ ശബ്ദരേഖ 3 മണിക്ക് പുറത്തുവിടുമെന്ന് സ്വപ്ന

 

പാലക്കാട് : രഹസ്യമൊഴി പിൻവലിക്കാൻ മുഖ്യമന്ത്രിയുടെ ദൂതനായെത്തി തന്നെ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന വെളിപ്പെടുത്തിയ ഇടനിലക്കാരൻ ഷാജ് കിരണുമായുള്ള സംഭാഷണത്തിന്‍റെ ശബ്ദരേഖ ഇന്ന് പുറത്തുവിടും. ഇതിനായി വൈകിട്ട് മൂന്നിന് പാലക്കാട് സ്വപ്ന മാധ്യമങ്ങളെ കാണും.

സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷും സർക്കാരിന്‍റെ ഇടനിലക്കാരനെന്ന് സ്വപ്ന ആരോപിക്കുന്ന സുഹൃത്ത് ഷാജ് കിരണും തമ്മിൽ നടത്തിയ സംഭാഷണത്തിന്‍റെ ശബ്ദരേഖയാണ് പുറത്തുവിടുക. വൈകിട്ട് മൂന്ന് മണിക്ക് പാലക്കാട് വെച്ച് സ്വപ്നയോ അഭിഭാഷകരോ മാധ്യമങ്ങളെ കാണും.

മുഖ്യമന്ത്രിക്ക് വേണ്ടി ഇടനിലക്കാരനായി എത്തിയ ഷാജ് കിരൺ മൊഴിയില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടതായും ഭീഷണിപ്പെടുത്തി എന്നുമാണ് സ്വപ്നയുടെ ആരോപണം. ഇത് തെളിയിക്കാൻ ആവശ്യമായ ശബ്ദരേഖ കയ്യിൽ ഉണ്ടെന്നും അത് ഇന്ന് പുറത്തുവിടുമെന്നും സ്വപ്ന ഇന്നലെ വ്യക്തമാക്കിയിരുന്നു.

അതേസമയം മുഖ്യമന്ത്രിയെയോ സിപിഎം സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ള മറ്റ് നേതാക്കളെയോ പരിചയമില്ലെന്നാണ് ഷാജ് കിരണിന്‍റെ വാദം. സുഹൃത്ത് എന്ന നിലയിലാണ് സ്വപ്നയുമായി സംസാരിച്ചത്. സ്വപ്ന വിളിച്ചതനുസരിച്ചാണ് കഴിഞ്ഞ ദിവസം പാലക്കാട് പോയി അവരെ കണ്ടതെന്നുമാണ് ഷാജ് കിരൺ പറയുന്നത്. അതേസമയം വിജിലൻസ് ഡയറക്ടർ എം.ആർ അജിത് കുമാറും ക്രമസമാധാന ചുമതലയുള്ള എഡിജിപിയും ഷാജിന്‍റെ വാട്സാപ്പിലൂടെ 56 തവണ വിളിച്ചു എന്ന വെളിപ്പെടുത്തലിലും കൂടുതൽ തെളിവുകൾ സ്വപ്ന ഇന്ന് പുറത്തുവിട്ടേക്കും.

Comments (0)
Add Comment