സ്വപ്ന സുരേഷ് ജയിൽ മോചിതയായി : ഒരു വർഷവും മൂന്നു മാസവും ജയിലില്‍

Saturday, November 6, 2021

തിരുവനന്തപുരം : സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് ജയിൽ മോചിതയായി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സ്വപ്നയ്ക്ക് ജാമ്യം ലഭിച്ചതെങ്കിലും നടപടിക്രമങ്ങൾ വൈകിയതു മൂലം മോചനം നീളുകയായിരുന്നു. ഒരു വർഷവും മൂന്നു മാസവും ജയിലില്‍ കഴിഞ്ഞ ശേഷമാണ് കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കമുണ്ടാക്കിയ കേസിൽ ഇവർ പുറത്തിറങ്ങുന്നത്.

ജാമ്യത്തിന് 25 ലക്ഷം രൂപയുടെ ബോണ്ടും രണ്ടാൾ ജാമ്യവുമാണ് ഉപാധികൾ. പാസ്പോർട്ട് കോടതിയിൽ ഏൽപിക്കണം, കേരളം വിട്ട് പോകരുത്, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത്, എല്ലാ ഞായറാഴ്ചയും അന്വോഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം, അന്വേഷണ ഉദ്യോഗസ്ഥന്റെ അനുമതിയില്ലാതെ താമസം മാറരുത് എന്നിവയാണ് മറ്റു വ്യവസ്ഥകൾ.

2020 ജൂലൈ 11നാണ് കേസിൽ ബംഗളൂരുവില്‍ വച്ച് സ്വപ്‌ന അറസ്റ്റിലായത്. 2020 ജൂലൈ അഞ്ചിനാണ് തിരുവനന്തപുരം വിമാനത്താവളത്തിൽവച്ച് യുഎഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്രബാഗിൽ നിന്ന് 14.82 കോടി രൂപ വില വരുന്ന 30.422 കിലോ സ്വർണം കസ്റ്റംസ് പിടികൂടിയത്. കോൺസുലേറ്റിലെ മുൻ പിആർഒ ആയിരുന്ന സരിത്തിനെയാണ് കേസിൽ ആദ്യം അറസ്റ്റു ചെയ്യുന്നത്. തുടർന്ന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഉൾപ്പടെ 50ൽ എറെ പേർ അറസ്റ്റിലായി.