എംപി ഫണ്ട് മരവിപ്പിക്കല്‍: കേന്ദ്ര തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് അടൂർ പ്രകാശ് എം.പി കത്തയച്ചു

Jaihind News Bureau
Tuesday, April 7, 2020

ന്യൂഡല്‍ഹി:  കൊവിഡ് പ്രതിരോധത്തിനായുള്ള ഫണ്ട് സ്വരൂപിക്കുന്നതിനായി എംപിമാരുടെ പ്രദേശിക വികസന ഫണ്ട്‌ രണ്ട് വര്‍ഷത്തേക്ക് നിര്‍ത്തലാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് അടൂർ പ്രകാശ് എം.പി പ്രധാനമന്ത്രിക്ക് കത്തയച്ചു.

പാര്‍ലമെന്‍റ് അംഗങ്ങളുടെ ശമ്പളത്തിൽ 30% കുറവ് വരുത്താനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. എന്നാൽ രാജ്യത്തെ ഓരോ പാർലമെന്‍റ് മണ്ഡലങ്ങളുടെയും പ്രത്യേകമായ വികസന ആവശ്യങ്ങള്‍ കണ്ടറിഞ്ഞു പരിഹരിക്കുന്നതിന് സഹായകമായ സ്കീം രണ്ടു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യുന്നത് ന്യായീകരിക്കാൻ കഴിയില്ല.

താനടക്കമുള്ള എംപിമാര്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങൾക്കായി എംപിലാഡ്‌സില്‍ നിന്ന് ഇപ്പോൾ തന്നെ തുക അനുവദിച്ചിട്ടുണ്ട്. ഒരു പാർലമെന്‍റ് മണ്ഡലത്തിന് ഒരു വർഷം അനുവദിക്കുന്ന 5 കോടി രൂപയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്ന തികച്ചും ഒഴിവാക്കാനാവാത്ത പ്രവർത്തികൾ മാത്രമേ നടപ്പാക്കാൻ സാധിക്കുന്നുള്ളൂ.

തുകയുടെ അപര്യാപ്‌തത മൂലം മണ്ഡലത്തിലെ പല ആവശ്യങ്ങളും വരും വർഷത്തേക്ക് മാറ്റി വച്ചിരിക്കുകകയാണ്. ഈ സാഹചര്യത്തിൽ എം. പി ഫണ്ട്‌ രണ്ടു വർഷത്തേക്ക് നിർത്തലാക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. വസ്തുതകൾ കണക്കിലെടുത്ത് സർക്കാർ ഈ തീരുമാനം പുനഃപരിശോധിക്കണമെന്ന് അടൂർ പ്രകാശ് അഭ്യർത്ഥിച്ചു.