കസ്റ്റഡിയിലെടുത്ത പ്രതി വനിതാ ഡോക്ടറെ കുത്തിക്കൊന്നു; ഞെട്ടിക്കുന്ന സംഭവം കൊട്ടാരക്കര താലൂക്ക്‌ ആശുപത്രിയിൽ

Jaihind Webdesk
Wednesday, May 10, 2023

കൊല്ലം: വൈദ്യ പരിശോധനയ്ക്കായി താലൂക്ക് ആശുപത്രിയിലെത്തിച്ച സ്കൂൾ അധ്യാപകന്‍റെ കുത്തേറ്റ് വനിതാ ഡോക്ടർ കൊല്ലപ്പെട്ടു. പ്രതിയുടെ ആക്രമണത്തില്‍ പോലീസുകാര്‍ ഉള്‍പ്പെടെ മറ്റു നാല് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ കോട്ടയം മാഞ്ഞൂർ സ്വദേശിനി ഡോ. വന്ദനദാസ് (23) ആണ് മരിച്ചത്.

മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ കെ.ജി. മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏകമകളാണ് വന്ദന. ഇന്നു പുലർച്ചെ നാലരയോടെയാണു സംഭവം. പ്രതി നെടുമ്പനയിലെ യുപി സ്കൂൾ അധ്യാപകനായ എസ് സന്ദീപിനെ (42) പോലീസ് അറസ്റ്റു ചെയ്തു. പരിക്കുകളോടെ ഇയാളെ ഗവണ്‍മെന്‍റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി മുതൽ അക്രമാസക്തനായ സന്ദീപിനെ പൂയപ്പള്ളി പൊലീസ് ആണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ചികിത്സയ്ക്കിടെ ഇയാൾ വീണ്ടും അക്രമാസക്തനാകുകയായിരുന്നു. പോലീസുകാരായ അലക്സ്, ബേബി മോഹന്‍, മണിലാല്‍, സന്ദീപിന്‍റെ ബന്ധു ബിനു എന്നിവര്‍ക്കും പരിക്കേറ്റു. ലഹരിക്ക് അടിമയായതിനാല്‍ സസ്‌പെന്‍ഷനിലായിരുന്നു അധ്യാപകനായ സന്ദീപ്‌. ഇയാള്‍ നേരത്തേയും ആക്രമ സ്വഭാവം കാണിച്ചിരുന്ന ആളാണെന്ന് പോലീസ് പറയുന്നു.