പള്ളിയില്‍ നിന്നും 1.83 ലക്ഷം രൂപ മോഷണം പോയ കേസില്‍ പ്രതി പിടിയില്‍

Jaihind News Bureau
Wednesday, March 12, 2025

പള്ളിയുടെ വാതില്‍ തകര്‍ത്ത് 1.83 ലക്ഷം രൂപ മോഷണം പോയ കേസില്‍ മോഷ്ടാവ് പിടിയില്‍. തലയോലപ്പറമ്പ് സെന്‍റ് ജോര്‍ജ് പള്ളിയിലെ വാതിലിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്തുകയറിയതായി പറയപ്പെടുന്നത്. 1.83 ലക്ഷം രൂപയാണ് മോഷണം പോയത്. കേസില്‍ കുപ്രസിദ്ധ മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി വെള്ളത്തൂവല്‍ സ്വദേശി പത്മനാഭനെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.

തലയോലപ്പറമ്പ് സെന്റ് ജോര്‍ജ് പള്ളിയില്‍ ഫെബ്രുവരി പത്താം തീയതി ആയിരുന്നു കേസിനാസ്പദമായ സംഭവം. ഇയാള്‍ പുലര്‍ച്ചെ പള്ളിയുടെ വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തുകയറി മുറിയില്‍ ഉണ്ടായിരുന്ന അലമാരയുടെ പൂട്ടും പൊളിച്ച് അതിനുള്ളില്‍ സൂക്ഷിച്ചിരുന്ന 1.83 ലക്ഷം മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു. പരാതിയെ തുടര്‍ന്ന് തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇയാളെ തൃശ്ശൂര്‍ വടക്കാഞ്ചേരിയില്‍ നിന്നും പിടികൂടുകയുമായിരുന്നു.