അധികാരക്കരുത്തിനെ തോൽപ്പിച്ച അതിജീവനം; ഉന്നാവോ കേസിന്‍റെ നാള്‍വഴികള്‍

Jaihind News Bureau
Monday, December 29, 2025

ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തില്‍ ഭരണകക്ഷിയായ ബിജെപിയുമായി ബന്ധപ്പെട്ട അധികാരത്തിന്റെ ദുരുപയോഗം നീതിയെ എത്രത്തോളം പിന്നോട്ടടിക്കാമെന്നതിന്റെ ഏറ്റവും ഭീകരമായ ഉദാഹരണങ്ങളിലൊന്നാണ് ഉന്നാവോ ബലാത്സംഗ കേസ്. ഒരു പെണ്‍കുട്ടിയുടെ പരാതിയില്‍ തുടങ്ങി, നീതി തേടിയുള്ള ആത്മഹത്യാശ്രമം, പിതാവിന്റെ കസ്റ്റഡി മരണം, പിന്നീട് നടന്ന ഗൂഢാലോചനാപരമായ വാഹനാപകടം വരെ നീണ്ട സംഭവക്രമങ്ങള്‍, ഭരണകക്ഷിയിലെ ഒരു ജനപ്രതിനിധി കേസിലെ കേന്ദ്രപാത്രമായപ്പോള്‍ നിയമവാഴ്ച എങ്ങനെ തളര്‍ന്നുവെന്ന് തുറന്നുകാട്ടുന്നു.

രാജ്യത്തെ നടുക്കിയ ക്രൂരത

2017 ജൂണ്‍ 4 ന് ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയില്‍ നിന്നുള്ള ഒരു പതിനേഴു വയസ്സുകാരി അന്നത്തെ ഭരണകക്ഷി ബിജെപിയുടെ ശക്തനായ എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗര്‍ തന്നെ ബലാത്സംഗം നടത്തിയതായി പരാതി നല്‍കി. എന്നാല്‍, പരാതിയുടെ ആദ്യഘട്ടത്തില്‍ തന്നെ നിയമവ്യവസ്ഥ തളര്‍ന്നു. പ്രാദേശിക പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായില്ല. പ്രതിയുടെ രാഷ്ട്രീയ സ്വാധീനം നിയമത്തിന്റെ വഴിയെ തടഞ്ഞു.

നീതിക്കായി പോരാട്ടം

നീതി നിഷേധിക്കപ്പെട്ടതിന്റെ അതീവ നിരാശയിലാണ് 2018 ഏപ്രിലില്‍ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ പെണ്‍കുട്ടി സ്വയം തീകൊളുത്തിയത്. ശരീരം തീയില്‍ പൊതിഞ്ഞ് ഓടുന്ന പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ രാജ്യത്തിന്റെ മനസ്സാക്ഷിയെ നടുക്കി. ഇതോടെയാണ് ഭരണകൂടം സമ്മര്‍ദ്ദത്തിലാകുന്നത്. ഏറെ വൈകിയെങ്കിലും, സംഭവത്തിന് പിന്നാലെ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഇതിന് തൊട്ട് പിന്നാലെ അതിജീവിതയുടെ പിതാവ് കസ്റ്റഡിയില്‍ മരിച്ചു. ഇത് ഭരണകൂടത്തിനെതിരെ കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ത്തി.

2019 ജൂലൈ 28-ന് അതിജീവിത കുടുംബാംഗങ്ങളോടൊപ്പം സഞ്ചരിച്ച വാഹനത്തിലേക്ക് ഒരു ട്രക്ക് ഇടിച്ചുകയറി. അപകടത്തില്‍ രണ്ട് ബന്ധുക്കള്‍ കൊല്ലപ്പെട്ടു. ആദ്യഘട്ടത്തില്‍ ഇത് അപകടമെന്നായിരുന്നു വിശദീകരണം. എന്നാല്‍ അന്വേഷണം മുന്നോട്ട് പോയപ്പോള്‍, ഇത് യാദൃശ്ചികമല്ലെന്നും, ആസൂത്രിതമായ ആക്രമണമാണെന്നും വ്യക്തമായി. ഫോണ്‍ കോള്‍ റെക്കോര്‍ഡുകള്‍, ട്രക്കിന്റെ നമ്പര്‍ മറച്ചുവെച്ചത്, പ്രതികളുമായുള്ള ബന്ധങ്ങള്‍ തുടങ്ങിയവ കേസിന്റെ ഗൂഡാലോചന  പുറത്തു കൊണ്ടുവന്നു.

അന്വേഷണം ഉന്നത തലത്തില്‍

കേസിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം സിബിഐക്ക് കൈമാറി. ഉത്തര്‍പ്രദേശില്‍ നിഷ്പക്ഷ വിചാരണ സാധ്യമല്ലെന്ന വിലയിരുത്തലിലാണ് സുപ്രീം കോര്‍ട്ട് കേസ് ഡല്‍ഹിയിലേക്ക് മാറ്റിയത്. ഈ കേസില്‍ ഇതുവരെ രണ്ട് വ്യത്യസ്ത കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. 2018 ജൂലൈ 11-ന്, 17 വയസുകാരിയെ ബലാത്സംഗം ചെയ്തുവെന്ന കുറ്റം ചുമത്തി ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എയായ കുല്‍ദീപ് സിംഗ് സെന്‍ഗാറിനെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സി  ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. 2018 ജൂലൈ 13-ന് സമര്‍പ്പിച്ച രണ്ടാമത്തെ കുറ്റപത്രത്തില്‍, പെണ്‍കുട്ടിയുടെ പിതാവിനെ കള്ളക്കേസില്‍ കുടുക്കിയെന്ന കുറ്റമാണ് ചുമത്തിയത്. ഈ കേസില്‍ കുല്‍ദീപ് സിംഗ് സെംഗാര്‍, അദ്ദേഹത്തിന്റെ സഹോദരന്‍, മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍, മറ്റ് അഞ്ച് പേര്‍ എന്നിവരാണ് പ്രതികള്‍.

തുടര്‍ച്ചയായ വിചാരണയ്‌ക്കൊടുവില്‍ 2019 ഡിസംബറില്‍ ഡല്‍ഹി കോടതി കുല്‍ദീപ് സിംഗ് സന്‍ഗാറിനെ ബലാത്സംഗക്കേസില്‍ കുറ്റക്കാരനായി കണ്ടെത്തി. അതിജീവിത യുടെ മൊഴി വിശ്വസനീയമാണെന്നും, രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കുറ്റം മറച്ചുവെക്കാന്‍ ശ്രമിച്ചുവെന്നും കോടതി നിരീക്ഷിച്ചു. 2020-ല്‍ വിവിധ കേസുകളില്‍ സന്‍ഗാറിന് ജീവപര്യന്തം തടവ് ഉള്‍പ്പെടെയുള്ള കര്‍ശന ശിക്ഷകള്‍ വിധിച്ചു. പിതാവിന്റെ കസ്റ്റഡി മരണം, വാഹനാപകട ഗൂഢാലോചന എല്ലാ കേസുകളിലും ശിക്ഷകള്‍ അനുഭവിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

നീതിയുടെ വാതില്‍ അവള്‍ക്കായി

ഇപ്പോള്‍ സെന്‍ഗറിന്റെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി ഉത്തരവിനെ സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. കേസിലെ അതിജീവിതയ്ക്ക് ആവശ്യമായ നിയമസഹായം ഉറപ്പാക്കണമെന്നും, സുരക്ഷയും അവകാശങ്ങളും ബാധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഗുരുതര കുറ്റകൃത്യത്തില്‍ കുറ്റക്കാരനായി ശിക്ഷിക്കപ്പെട്ട ഒരാള്‍ക്ക് ഇത്തരത്തിലുള്ള ഇളവുകള്‍ അനുവദിക്കുന്നത് നീതിന്യായ സംവിധാനത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന നിരീക്ഷണവും കോടതി നടത്തി.

ഉന്നാവോ കേസ് ഒരു സ്ത്രീക്കെതിരായ കുറ്റകൃത്യം മാത്രമല്ല. അത് അധികാരം, ഭരണകൂട പരാജയം, നിയമവ്യവസ്ഥയുടെ വൈകിപ്പിക്കല്‍ എല്ലാം ചേര്‍ന്നതാണ്. ഒരേസമയം, പൊതു സമ്മര്‍ദ്ദവും മാധ്യമ ജാഗ്രതയും നിലനില്‍ക്കുമ്പോള്‍ നീതി സാധ്യമാകുമെന്ന സന്ദേശവും ഈ കേസ് നല്‍കുന്നു. ഒരു പെണ്‍കുട്ടിയുടെ അതിജീവനവും പോരാട്ടവുമാണ് ഇന്ന് ഇന്ത്യയുടെ നിയമവാഴ്ചയെ ചോദ്യം ചെയ്യുന്ന ശക്തമായ സാക്ഷ്യമായി മാറിയിരിക്കുന്നത്.