കൊറോണ കാലത്തെ അതിജീവനം: 25 വെബിനാറുകളുമായി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്‍റ് സ്റ്റഡീസ്; സാം പിത്രോദ വെബിനാര്‍ പരമ്പര ഉദ്ഘാടനം ചെയ്യും

Jaihind News Bureau
Tuesday, May 12, 2020

 

തിരുവനന്തപുരം: കൊറോണ കാലത്തെ അതിജീവനം എന്ന വിഷയത്തെ ആസ്പദമാക്കി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെലവപ്പ്‌മെന്‍റ് സ്റ്റഡീസ് (ആര്‍.ജി.ഐ.ഡി.എസ്) വെബിനാര്‍ പരമ്പര സംഘടിപ്പിക്കുന്നു. തെരഞ്ഞെടുത്ത മേഖലകളിലെ പ്രഗത്ഭരെ ഉള്‍പ്പെടുത്തിയുള്ളതാകും ഓരോ വെബിനാറും.

25 വെബിനാറുകള്‍ നടത്താനാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ലക്ഷ്യമിടുന്നതെന്ന് ചെയര്‍മാന്‍ രമേശ് ചെന്നിത്തല വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പ്രമുഖ സാങ്കേതിക വിദഗ്ധനായ സാം പിത്രോദ ‘ആര്‍.ജി.ഐ.ഡി.എസ് വെബിനാര്‍ പരമ്പര’ ഉദ്ഘാടനം ചെയ്യും. ‘കൊവിഡിന് ശേഷമുള്ള ഇന്ത്യ: വെല്ലുവിളികളും മുന്‍ഗണനയും’ എന്ന വിഷയത്തിലാകും ഉദ്ഘാടന വെബിനാര്‍.

കൊറോണയുടെ പശ്ചാത്തലത്തില്‍ രാജ്യവും കേരളവും നേരിടുന്ന പൊതുവായ പ്രശ്‌നങ്ങള്‍, സാമ്പത്തിക, കാര്‍ഷിക, വ്യാവസായിക, ആരോഗ്യ, ടൂറിസ മേഖലകള്‍ നേരിടുന്ന പ്രതിസന്ധി, ഈ പ്രതിസന്ധികളെ എങ്ങനെ അതീജിവിക്കാം തുടങ്ങിയ വിഷയങ്ങള്‍ വെബിനാറുകളില്‍ മുഖ്യ ചര്‍ച്ചാ വിഷയമാകും.

40 മിനിട്ട് ദൈര്‍ഘ്യമുള്ള വെബിനാറില്‍ പങ്കെടുക്കുന്ന പ്രതിനിധികളുടെ എണ്ണം 30 ആയി പരിമിതപ്പെടുത്തും. വിശിഷ്ട വ്യക്തികളുടെ പ്രഭാഷണം 15 മിനിറ്റായിരിക്കും. ശേഷിക്കുന്ന 25 മിനിറ്റ് പ്രതിനിധികള്‍ക്ക് വിശിഷ്ട അതിഥികളുമായി സംവദിക്കാന്‍ അവസരമൊരുക്കും. രാഷ്ട്രീയ, സമൂഹിക, സാമ്പത്തിക, വ്യാവസായിക, ആരോഗ്യ മേഖലകളിലെ പ്രഗത്ഭരാകും ഓരോ ദിവസവും വെബിനാറില്‍ പങ്കെടുക്കുക.