സംസ്ഥാനത്ത് യു.ഡി.എഫ് തരംഗമുണ്ടാവുമെന്ന് സർവ്വെ റിപ്പോര്‍ട്ട്; സി.പി.എമ്മിനും ബി.ജെ.പിക്കും തിരിച്ചടി

ലോക്സഭാ തെരെഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ സംസ്ഥാനത്ത് യു.ഡി.എഫ് തരംഗമുണ്ടാവുമെന്ന സർവ്വെ സി.പി.എമ്മിനും ബി.ജെ.പിക്കും തിരിച്ചടിയാകുന്നു. കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തിനും വർഗീയതയ്ക്കും അക്രമരാഷ്ട്രീയത്തിനുമെതിരെ പൊതുജനങ്ങൾ ലോക്സഭാ തെരെഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്തുമെന്ന കണ്ടെത്തലാണ് ഇരു പാർട്ടികൾക്കും തിരിച്ചടിയായിട്ടുള്ളത്.

സംസ്ഥാനത്തെ 20 ലോക്സഭാ സീറ്റുകളിലും യു.ഡി.എഫിനുണ്ടായിട്ടുള്ള മേൽക്കൈയാണ് സി.പി.എം , ബി.ജെ.പി നേതൃത്വങ്ങളെ ഭയപ്പെടുത്തുന്നത്. കേന്ദ്രത്തിലെ മോദിയുടെയും സംസ്ഥാനത്തെ പിണറായി സർക്കാരിന്റെയും ഭരണപരാജയങ്ങൾക്ക് ചുട്ടമറുപടിയാവും സംസ്ഥാനത്തെ ജനങ്ങൾ ലോക്സഭാ തെരെഞ്ഞെടുപ്പിലൂടെ നൽകുകയെന്നാണ് സർവ്വെ ഫലങ്ങൾ വ്യക്തമാക്കുന്നത്. ശബരിമല വിഷയം സുവർണ്ണാവസരമാക്കി വോട്ടു കൊയ്യാമെന്ന ബിജെപിയുടെ തന്ത്രത്തിനും, ശബരിമലയിലെ ആചാരങ്ങൾക്ക് വില കൽപ്പിക്കാതെ വിശ്വാസികളെ വഞ്ചിച്ച ഇടതു സർക്കാരിന്‍റെ ധാർഷ്ട്യത്തിനും വ്യക്തമായ തിരിച്ചടി ഉണ്ടാവുമെന്നാണ് സർവ്വെ ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നത്. പ്രളയ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ സമ്പൂർണ്ണ പരാജയമായ സംസ്ഥാന സർക്കാരിനും റഫേൽ അഴിമതിയിൽ അകപ്പെട്ട ബിജെപിക്കും കൃത്യമായ ഉത്തരമാവും തെഞ്ഞെടുപ്പു ഫലം നൽകുകയെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

സംസ്ഥാനത്ത് അധികാരത്തിലേറിയ ശേഷം ഒരു വികസന പദ്ധതി പോലും പ്രഖ്യാപിക്കാൻ കഴിയാതിരുന്ന ഇടതുമുന്നണിയും സിപിഎമ്മും പരാജയഭീതിയിലാണ്. ഇതിനു പുറമേ സംസഥാന ഭരണത്തിലെ നിരവധി മന്ത്രിമാരുടെ അഴിമതിക്കഥകളും ഒന്നിലേറെത്തവണ പുറത്തു വന്നിരുന്നു. ഇതെല്ലാം തന്നെ മുന്നണിയുടെയും സർക്കാരിന്റെയും പ്രതിച്ഛായയിൽ കാര്യമായ ഇടിവാണ് ഉണ്ടാക്കിയിട്ടുള്ളത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ആധിപത്യം നഷ്ടപ്പെട്ട ബി.ജെ.പി കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ സീറ്റുകളാണ് ലക്ഷ്യം വെയ്ക്കുന്നത്. എന്നാൽ കാർഷിക മേഖലയിലെ രാജ്യവ്യാപകമായുണ്ടായ തകർച്ചയും റഫേൽ അഴിമതിയും ബി.ജെ.പിയെയും വെട്ടിലാക്കിക്കഴിഞ്ഞു. സംസ്ഥാനത്തെ ജനങ്ങളെ ദുരിതത്തിലാക്കിയ ഇരു സർക്കാരുകളുടെയും പരാജയം ജനങ്ങഹക്കു മുന്നിൽ തുറന്നു കാട്ടി വമ്പൻ വിജയത്തിലേക്കാവും യു.ഡി.എഫ് ചുവട്വെയ്ക്കുക. മോദിയുടെയും പിണറായിയുടെയും ധാർഷട്യത്തിനും അസഹിഷ്ണുതയ്ക്കും ജനങ്ങൾ സമ്മതിദാനവകാശത്തിലൂടെ മറുപടി നൽകുമ്പോൾ സംസ്ഥാനത്ത് പുതുചരിത്രമാവും പിറവിയെടുക്കുകയെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

Comments (0)
Add Comment