യുഡിഎഫ് എംപിമാരെക്കുറിച്ചുള്ള സര്‍വെ റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധം: കെ.സി. വേണുഗോപാല്‍ എംപി

Jaihind Webdesk
Sunday, October 15, 2023

 

ആലപ്പുഴ: സുനില്‍ കനഗോലു കോണ്‍ഗ്രസ് നേതൃത്വത്തിന് എം.പിമാരുടെ പ്രവര്‍ത്തനം സംബന്ധിച്ച് റിപ്പോര്‍ട്ട് കൈമാറിയെന്ന മാധ്യമവാര്‍ത്ത വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അത്തരത്തില്‍ ഒരു സര്‍വെ റിപ്പോര്‍ട്ടും എഐസിസിക്ക് കിട്ടിയിട്ടില്ല. ഇതെല്ലാം മാധ്യമ പ്രചാരണം മാത്രമാണ്. ആരുടെതാണ് റിപ്പോര്‍ട്ടെന്ന് തനിക്കറിയില്ല. 2014-ലും ഇങ്ങനെയൊരു വാര്‍ത്തയുണ്ടായിരുന്നു. അന്ന് തോല്‍ക്കുമെന്ന് പറഞ്ഞവരെല്ലാം ജയിക്കുകയാണ് ചെയ്‌തതെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

ആലപ്പുഴ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ശക്തനായ സ്ഥാനാര്‍ത്ഥിയുണ്ടാകും. വിഴിഞ്ഞം തുറമുഖം ഉമ്മന്‍ ചാണ്ടിയുടെയും യുഡിഎഫ് സര്‍ക്കാരിന്‍റെയും കയ്യൊപ്പാണ്. ഇപ്പോള്‍ അതിന്‍റെ അവകാശവാദം ഉന്നയിക്കുന്നവര്‍ ഉള്‍പ്പെടെ വിഴിഞ്ഞം തുറമുഖത്തിന്‍റെ ചരിത്രം പരിശോധിച്ചാല്‍ അതിന്‍റെ നിര്‍ണ്ണായക ചുവടുവെപ്പ് ആരാണ് നടത്തിയതെന്ന് മനസിലാകും. ഉമ്മന്‍ ചാണ്ടിയെന്ന ഭരണകര്‍ത്താവിന്‍റെ നിശ്ചയദാര്‍ഢ്യത്തിന്‍റെ പ്രതീകം കൂടിയാണത്. ആ സംഭാവനയെ തള്ളിപ്പറയുന്ന സിപിഎം, ഉമ്മന്‍ ചാണ്ടിയെ വിഴിഞ്ഞം തുറമുഖത്തിന്‍റെ പേരില്‍ക്കൂടിയും അപമാനിക്കണമോയെന്ന് ചിന്തിക്കണം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ജനം ആദരിക്കുന്ന നേതാക്കളെ എങ്ങനെ അപമാനിക്കാമെന്ന് എല്ലാ ദിവസവും ഗവേഷണം നടത്തുകയാണെന്നും കെ.സി. വേണുഗോപാല്‍ എം.പി. പറഞ്ഞു.