സംഭാല്‍ ഷാഹി ജമാ മസ്ജിദില്‍ സര്‍വേ: കീഴ്ക്കോടതി ഉത്തരവ് ശരിവെച്ച് അലഹബാദ് ഹൈക്കോടതി; പള്ളി കമ്മിറ്റിയുടെ ഹര്‍ജി തള്ളി

Jaihind News Bureau
Monday, May 19, 2025

ലഖ്നൗ: ഉത്തര്‍പ്രദേശിലെ സംഭാലിലുള്ള ഷാഹി ജമാ മസ്ജിദില്‍ സര്‍വേ നടത്താനുള്ള കീഴ്ക്കോടതി ഉത്തരവ് അലഹബാദ് ഹൈക്കോടതി തിങ്കളാഴ്ച ശരിവെച്ചു. ഇതനുസരിച്ച് പുരാവസ്തു വകുപ്പിന് മസ്ജിദില്‍ സര്‍വ്വേ തുടരാം. ക്ഷേത്രം തകര്‍ത്താണ് മുഗള്‍ കാലഘട്ടത്തിലെ ഈ പള്ളി നിര്‍മ്മിച്ചതെന്ന അവകാശവാദം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് സര്‍വ്വേ അനുവദിച്ചു കൊണ്ട് 2024 നവംബറിലെ വിചാരണക്കോടതി ഉത്തരവു നല്‍കിയത്. പള്ളിയില്‍ സര്‍വേ നടത്താനെത്തിയ അഭിഭാഷക കമ്മീഷന്‍ സംഘത്തെ തടയുകയും പോലീസുമായി ജനക്കൂട്ടം ഏറ്റുമുട്ടുകയും ചെയ്തതിനെ തുടര്‍ന്ന് സംഭാലില്‍ വലിയ അക്രമം പൊട്ടിപ്പുറപ്പെട്ടിരുന്നു.

സര്‍വേ ഉത്തരവിനെതിരെ മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി തീരുമാനമെടുക്കുന്നതുവരെ തുടര്‍നടപടികള്‍ പാടില്ലെന്ന് നിര്‍ദേശിച്ച് 2024 നവംബറില്‍ സുപ്രീം കോടതി വിചാരണക്കോടതിയിലെ നടപടികള്‍ സ്റ്റേ ചെയ്തതോടെയാണ് വിവാദം തല്‍ക്കാലം ശമിച്ചത്. ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാളിന്റെ സിംഗിള്‍ ബഞ്ചാണ് മസ്ജിദ് കമ്മിറ്റിയുടെ വാദം തള്ളിയത്. വിധിക്കെതിരേ അപ്പീല്‍ പോകാനാണ് തീരുമാനം.

വിചാരണക്കോടതി നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് മസ്ജിദ് കമ്മിറ്റി സിവില്‍ റിവിഷന്‍ ഹര്‍ജി നല്‍കിയത്. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ തിടുക്കത്തിലാണ് സര്‍വേയ്ക്ക് ഉത്തരവിട്ടതെന്നും, ഉത്തരവ് വന്ന അതേ ദിവസവും പിന്നീട് അക്രമം നടന്ന നവംബര്‍ 24 നും പള്ളിയില്‍ രണ്ടുതവണ സര്‍വേ നടത്തിയെന്നും അവര്‍ വാദിച്ചു. എന്നാല്‍, അഭിഭാഷകനായ ഹരിശങ്കര്‍ ജെയിനും മറ്റ് ഏഴ് പേരുമടങ്ങുന്ന ഹിന്ദു ഹര്‍ജിക്കാര്‍ അവകാശപ്പെടുന്നത്, ഈ പള്ളി യഥാര്‍ത്ഥത്തില്‍ പുരാതന ഹരിഹര്‍ ക്ഷേത്രത്തിന്റെ സ്ഥലത്തായിരുന്നുവെന്നും, 1526-ല്‍ മുഗള്‍ ഭരണാധികാരി ബാബറുടെ ഉത്തരവനുസരിച്ച് ഇത് ഭാഗികമായി പൊളിച്ച് പള്ളിയാക്കി മാറ്റുകയായിരുന്നുവെന്നുമാണ്. സര്‍വേയ്ക്ക് നേതൃത്വം നല്‍കിയ അഡ്വക്കേറ്റ് കമ്മീഷണര്‍ രമേഷ് രാഘവ്, മുദ്രവെച്ച കവറില്‍ സര്‍വേ റിപ്പോര്‍ട്ട് വിചാരണക്കോടതിയില്‍ ഇതിനകം സമര്‍പ്പിച്ചിട്ടുണ്ട്.