മലപ്പുറം: നിലമ്പൂർ എംഎൽഎ പി.വി. അൻവറിന്‍റെ രാജി പാര്‍ട്ടിക്ക് സര്‍പ്രൈസ് ആണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. മുസ്‍ലിം ലീഗുമായി കൂടിയാലോചിച്ചിട്ടല്ലെന്നും ഇക്കാര്യത്തിൽ ലീഗ് സ്വന്തമായി തീരുമാനം എടുക്കേണ്ട ഒന്നും ഇല്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
‘മാധ്യമങ്ങളിലൂടെയാണ് രാജിവെച്ച കാര്യം അറിയുന്നത്. തികച്ചും അൻവറിന്‍റെ രാജി ഞങ്ങൾക്ക് സർപ്രൈസ് ആണ്. നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് വരും. അദ്ദേഹവുമായി സഹകരിക്കുന്നത് സംബന്ധിച്ച് ആദ്യം യു.ഡി.എഫ് ചർച്ച ചെയ്ത് തീരുമാനിക്കും. അതിനൊപ്പം ലീഗും നിൽക്കും. ലീഗ് സ്വന്തമായി തീരുമാനം എടുക്കേണ്ട ഒന്നും ഇക്കാര്യത്തിൽ ഇല്ല. അൻവർ ഞങ്ങളുമായി ഒന്നും ആലോചിച്ചിട്ടില്ല’ – പി.കെ. കുഞ്ഞാലികുട്ടി പറഞ്ഞു.
അൻവർ ലീഗിനെ പുകഴ്ത്തിപ്പറഞ്ഞതിനെ കുറിച്ച് ചോദിച്ചപ്പോൾ നല്ലത് ആര് പറഞ്ഞാലും സന്തോഷം ഉണ്ട് എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി. വനനിയമത്തിനെതിരെ മലയോര ജനതക്ക് വേണ്ടി പോരാടാൻ എം.എൽ.എ സ്ഥാനം രാജിവെച്ച് തൃണമൂൽ കോൺഗ്രസിൽ ചേരണമെന്ന് മമത ബാനർജി ആവശ്യപ്പെട്ടതിനാലാണ് നിലമ്പൂർ എം.എൽ.എ പദവി രാജിവെച്ചതെന്ന് പി.വി. അൻവർ വ്യക്തമാക്കിയിരുന്നു. രാജിവെച്ച ഒഴിവിൽ വരുന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും പകരം കോൺഗ്രസ് സ്ഥാനാർഥിയെ പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു.