Surgical wire stuck |ശസ്ത്രക്രിയാ പിഴവില്‍ നെഞ്ചില്‍ ട്യൂബ് കുടുങ്ങി ദുരിതത്തിലായ സുമയ്യ പ്രതിപക്ഷ നേതാവിനെ സന്ദര്‍ശിച്ചു.

Jaihind News Bureau
Tuesday, September 2, 2025

തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ശസ്ത്രക്രിയ പിഴവില്‍ നെഞ്ചില്‍ ട്യൂബ് കുടുങ്ങി ദുരിതത്തിലായ കാട്ടക്കട മലയിന്‍കീഴ് സ്വദേശി സുമയ്യ പ്രതിപക്ഷ നേതാവിനെ സന്ദര്‍ശിച്ചു. നീതിക്ക് വേണ്ടിയുള്ള സുമയ്യയുടെ പോരാട്ടത്തിന് പിന്തുണ നല്‍കമെന്ന് പ്രതിപക്ഷ നേതാവ് ഉറപ്പ് നല്‍കി. കുടുംബാഗങ്ങള്‍ക്കൊപ്പമാണ് സുമയ്യ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലെത്തിയത്.

സുമയ്യയും കുടുംബവും നേരത്തെ മുന്‍പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയേയും സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്നുള്ള പോരാട്ടങ്ങള്‍ക്ക് അദ്ദേഹം എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്‌തെന്ന് സുമയ്യ പറഞ്ഞു.

തൈറോയ്ഡ് ചികിത്സയ്ക്ക തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വിധേയയായ വനിതയ്ക്കാണ് ഈ ദുരവസ്ഥ. തൈറോയ്ഡ് ഗ്രന്ഥിമാറ്റണമെന്ന ഡോ.രാജീവ്കുമാറിന്റെ നിര്‍ദ്ദേശപ്രകാരം 2023 മാര്‍ച്ച് 22ന് ശസ്ത്രക്രിയയ്ക്ക് വിധേയയായി. ഒരാഴ്ചത്തെ ആശുപത്രിവാസത്തിനു ശേഷം വീട്ടിലേക്ക് മടങ്ങിയെങ്കിലും ഇടയ്ക്കിടെ ശ്വാസതടസമുണ്ടായി. തുടര്‍ന്ന് ഇതേ ഡോക്ടറുടെ അടുത്ത് രണ്ടുവര്‍ഷം ചികിത്സ തുടര്‍ന്നു. എന്നാല്‍ കഫക്കെട്ടും ശ്വാസതടസവും കടുത്തപ്പോള്‍ സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് എക്സ്‌റേ എടുത്തപ്പോഴാണ് നെഞ്ചിനകത്ത് ലാപ്റോസ്‌കോപിക്ക് ശസ്ത്രക്രിയ സാമഗ്രികളുടെ ഭാഗമായ ഗയ്ഡ് വയര്‍ കണ്ടത്.തുടര്‍ന്ന് എക്സ്‌റേയുമായി ഡോ.രാജീവ് കുമാറിനെ സമീപിച്ചു. ഡോക്ടര്‍ പിഴവ് സമ്മതിച്ചു. മറ്റാരോടും പറയരുതെന്നും മറ്റു ഡോക്ടര്‍മാരുമായി സംസാരിച്ച്, കീ ഹോള്‍ വഴി ട്യൂബ് എടുത്ത് നല്‍കാമെന്നും ഉറപ്പ് നല്‍കി.

പിന്നീട് രാജീവ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം ശ്രീചിത്ര ആശുപത്രിയില്‍ ചികിത്സ തേടി. സി.ടി സ്‌കാനില്‍ കാലപ്പഴക്കം കാരണം വയര്‍ രക്തക്കുഴലുമായി ഒട്ടിച്ചേര്‍ന്നെന്നും എടുക്കാന്‍ കഴിയില്ലെന്നും അറിയിച്ചു. ഇക്കാര്യം രാജീവ് കുമാറിനെ അറിയിച്ചതോടെ എനിക്കൊന്നും ചെയ്യാനില്ലെന്നുപറഞ്ഞ് കൈയൊഴിഞ്ഞെന്നും യുവതിയുടെ പരാതിയിലുണ്ട്. തുടര്‍ചികിത്സയ്ക്ക് മാര്‍ഗമില്ലെന്നും സുമയ്യ പറഞ്ഞു.