പാലക്കാട്: ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി കോണ്‍ഗ്രസിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്. ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യര്‍ കോണ്‍ഗ്രസ് ചേര്‍ന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി സന്ദീപ് വാര്യരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ പറഞ്ഞു.
മതേതര ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനത്തിനകത്ത് പ്രവര്‍ത്തിക്കണമെന്ന നിഷ്‌കര്‍ഷതയുടെ അടിസ്ഥാനത്തിലാണ് സന്ദീപ് കോണ്‍ഗ്രസിലേക്ക് കടന്നുവന്നതെന്ന് കെ.സുധാകരന്‍ പറഞ്ഞു. അദ്ദേഹത്തില്‍ വലിയ പ്രതീക്ഷയുണ്ടെന്നും വരുംദിവസങ്ങളില്‍ അതിന്റെ പ്രതിഫലനങ്ങള്‍ കാണാമെന്നും കെ.സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
ബിജെപിയുടെ മുഖവും ശബ്ദവുമായിരുന്നു സന്ദീപ് വാര്യര്‍. അദ്ദേഹം വെറുപ്പിന്റെയും വര്‍ഗീയതയുടെയും രാഷ്ട്രീയം വിട്ടു. സ്‌നേഹത്തിന്റെയും ചേര്‍ത്ത് നിര്‍ത്തലിന്റെയും രാഷ്ട്രീയം സ്വീകരിച്ചുവെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രതികരണം.
നേരത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ ഏകാധിപത്യ നടപടിയിലും പാലക്കാട്ടെ സ്ഥാനാര്‍ഥിയായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍ പരസ്യമായി പൊതുവേദിയില്‍ അവഹേളിച്ച നടപടികളിലും സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുകയായിരുന്നു സന്ദീപ് വാര്യര്‍. ഇതിനിടെ സിപിഎമ്മും സിപിഐയും ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ സന്ദീപിനെ സ്വാഗതം ചെയ്‌തെങ്കിലും അനുകൂല പ്രതികരണം ഉണ്ടായില്ല. ഇതിനിടെയാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പിന് നാലുനാള്‍ ശേക്ഷിക്കേ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശം.