
വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവിനെ തുടർന്ന് വയറ്റിൽ കത്രിക കുടുങ്ങിയ ഉഷാ ജോസഫിന്റെ ശസ്ത്രക്രിയ പൂർത്തിയായി. ഇന്ന് ഉച്ചയോടെയാണ് കൊച്ചിയിലെ അമൃത ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിലൂടെ ഉഷയുടെ വയറ്റിൽ നിന്ന് കത്രിക പുറത്തെടുത്തത്. സംഭവത്തിൽ കേസെടുത്തതിനാൽ രണ്ട് സർക്കാർ ഡോക്ടർമാരുടെ സാന്നിദ്ധ്യത്തിലായിരുന്നു ശസ്ത്രക്രിയ നടന്നത്.കളമശ്ശേരി ഗവ. മെഡിക്കൽ കോളേജിലെ രണ്ട് ഡോക്ടർമാരാണ് ശസ്ത്രക്രിയയുടെ സമയത്ത് ഉണ്ടായിരുന്നത്.
വയറ്റിൽനിന്ന് പുറത്തെടുത്ത കത്രിക നിലവിൽ രജിസ്റ്റർചെയ്ത കേസിലെ തൊണ്ടിമുതലാണ്. അതിനാൽതന്നെ ഇത് ഇന്നുതന്നെ കേസ് അന്വേഷിക്കുന്ന അമ്പലപ്പുഴ ഡിവൈഎസ്പിക്ക് കൈമാറുകയായിരുന്നു. ഉഷയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.
അഞ്ചുവർഷം മുൻപാണ് ഉഷ ഗർഭാശയത്തിലെ മുഴ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്കായി വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിയത്. ഇതിനുശേഷമാണ് ഉഷയ്ക്ക് ശാരീരികപ്രശ്നങ്ങളുണ്ടായത്. പല ചികിത്സകളും പരിശോധനകളും നടത്തിയെങ്കിലും യഥാർത്ഥ കാരണം കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഒടുവിൽ ബുധനാഴ്ച ആലപ്പുഴയിലെ യൂറോളജി വിദഗ്ധന്റെ നിർദേശപ്രകാരം എക്‌സ്-റേ എടുത്തപ്പോഴാണ് വയറ്റിൽ കത്രികയുള്ളതായി കണ്ടെത്തിയത്. ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന നീളത്തിലുള്ള അറ്റം വളഞ്ഞ കത്രികയാണ് (ആർട്ടെറി ഫോർസെപ്‌സ്) ഉഷയുടെ വയറ്റിലുണ്ടായിരുന്നത്.