തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തിലെ പ്രതികരണത്തില്‍ നടന് പൃഥ്വിരാജിനെതിരായ സൈബര്‍ ആക്രമണങ്ങളെ എതിര്‍ത്ത് സുരേഷ് ഗോപി. അഭിപ്രായ പ്രകടനം ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണെന്നും പ്രതിരോധിക്കുമ്പോള്‍ മാന്യമായി പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിമര്‍ശനങ്ങളില്‍ വ്യക്തിബന്ധങ്ങളെ വലിച്ചിഴയ്ക്കരുതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ലക്ഷദ്വീപ് വിഷയമോ പൃഥ്വിരാജിന്റെ പേരോ പരാമര്‍ശിക്കാതെയാണ് സുരേഷ് ഗോപിയുടെ പ്രതികരണം.
ലക്ഷദ്വീപിൽ കേന്ദ്രം നടപ്പാക്കിയ പരിഷ്കാരങ്ങൾക്കെതിരെ പ്രതികരിച്ചതിന് സംഘപരിവാർ കേന്ദ്രങ്ങളിൽ നിന്നും വ്യാപക സൈബർ ആക്രമണമാണ് നടൻ പൃഥ്വിരാജ് നേരിടുന്നത്. സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള വാർത്താചാനലും പൃഥ്വിരാജിനെ വിമർശിച്ച് രംഗത്തുവന്നിരുന്നു. പൃഥ്വിരാജിന്റെ കണ്ണീർ ജിഹാദികൾക്കു വേണ്ടിയാണെന്നായിരുന്നു ചാനലിന്റെ പ്രതികരണം. പൃഥ്വിരാജിന്റെ പിതാവിനെയടക്കം പരമാര്‍ശിച്ചുള്ള ലേഖനം വിവാദമായതിനുപിന്നാലെ പിന്‍വലിച്ച് തടിയൂരി.
രാജ്യവിരുദ്ധ ശക്തികള്‍ക്കൊപ്പം പൃഥ്വിരാജ് കുരച്ചുചാടുമ്പോള്‍ നല്ല നടനായ സുകുമാരനെ ആരെങ്കിലും ഓര്‍മ്മിപ്പിച്ചാല്‍ അത് പിതൃസ്മരണയായിപ്പോകുമെന്നും ലേഖനത്തില്‍ പറയുന്നു. ‘പൃഥ്വിരാജിന്റെ കണ്ണീര് വീണ്ടും ജിഹാദികള്‍ക്ക് വേണ്ടി’ എന്ന തലക്കെട്ടില്‍ ജികെ സുരേഷ് ബാബുവാണ് ലേഖനം എഴുതിയത്.
സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് കുറിപ്പ്
പ്ലീസ്, പ്ലീസ്, പ്ലീസ്… ഓരോ മനുഷ്യന്റെയും ജീവിതത്തിൽ സ്ഥാപനങ്ങളല്ല സ്ഥാനങ്ങളാണ് ഉള്ളത്. മുത്തശ്ശൻ, മുത്തശ്ശി, അവരുടെ മുൻഗാമികൾ, അവരുടെ പിൻഗാമികളായി അച്ഛൻ, അമ്മ, സഹോദരങ്ങൾ എന്നിങ്ങനെ സ്ഥാനങ്ങളാണ് ഉള്ളത്. അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുന്നത് ജീവിതം അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. അതിൽ സത്യമുണ്ടാകാം സത്യമില്ലായിരിക്കാം. വിവരമുണ്ടായിരിക്കാം വിവരമില്ലായിരിക്കാം. പ്രചരണമുണ്ടാവാം കുപ്രചരണമുണ്ടാവാം. പക്ഷെ അതിനെ പ്രതിരോധിക്കുമ്പോൾ ആരായാലും ഏത് പക്ഷത്തായാലും പ്രതികരണം മാന്യമായിരിക്കണം. ഭാഷയിൽ ഒരു ദൗർലഭ്യം എന്ന് പറയാൻ മാത്രം മലയാളം അത്ര ശോഷിച്ച ഒരു ഭാഷയല്ല.
അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുന്നത് ഒരാളുടെ അവകാശമാണെങ്കിൽ ആ അഭിപ്രായത്തെ ഖണ്ഡിക്കുവാനുള്ള അവകാശം മറ്റൊരാളുടെ അവകാശമാണ്, അംഗീകരിക്കുന്നു. വ്യക്തിപരമായ ബന്ധങ്ങളെ വലിച്ചിഴയ്ക്കരുത്. അച്ഛൻ, അമ്മ, സഹോദരങ്ങൾ എല്ലാവർക്കുമുണ്ട്. ആ സ്ഥാനങ്ങളെല്ലാം പവിത്രവും ശുദ്ധവുമായി നിലനിർത്തിക്കൊണ്ട് തന്നെയാകണം വിമർശനങ്ങൾ. വിമർശനങ്ങളുടെ ആഴം നിങ്ങൾ എത്ര വേണമെങ്കിലും വർധിപ്പിച്ചോളൂ. ഈ വേദന എനിക്ക് മനസ്സിലാകും. ഇത് ഒരു വ്യക്തിക്കും പക്ഷത്തിനുമുള്ള ഐക്യദാർഢ്യമല്ല. ഇത് തീർച്ചയായിട്ടും ഇന്ത്യൻ ജനതയ്ക്കുള്ള ഐക്യദാർഢ്യമാണ്. അവർ തിരഞ്ഞെടുത്ത സർക്കാരിനുള്ള ഐക്യദാർഢ്യമാണ്.
ഇങ്ങനെയുള്ള പുലമ്പലുകൾ ഏറ്റവുമധികം ഒരു മകന്റെ നേരെ ഉന്നയിച്ചപ്പോൾ അതിന്റെ വേദന അനുഭവിച്ച ഒരു അച്ഛനെന്ന നിലയിൽ ഞാൻ അപേക്ഷിക്കുന്നു! വിമര്‍ശിക്കേണ്ടിവരുമ്പോള്‍ മാന്യതയും സത്യസന്ധതയുമാവട്ടെ നിങ്ങളുടെ ആയുധങ്ങള്‍. സത്യസന്ധതയും മാന്യതയും കൈവിടാതിരിക്കൂ, വികാരങ്ങള്‍ ശുദ്ധവും സത്യസന്ധവുമാവട്ടെ.