തൃശൂർ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോൾ ആളു കുറഞ്ഞതിൽ ബിജെപി പ്രവർത്തകരോട് പൊട്ടിത്തെറിച്ച് തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി. ഇങ്ങനെയാണെങ്കില്‍ താന്‍ ഇവിടെ വരില്ലെന്നും തിരുവനന്തപുരത്ത് പോയി രാജീവ് ചന്ദ്രശേഖറിന് വേണ്ടി പ്രവർത്തിച്ചോളാം എന്നും സുരേഷ് ഗോപി പറഞ്ഞു. ആളുകള്‍ അടുപ്പിക്കുന്നില്ലെന്ന് പ്രവർത്തകർ പറയുമ്പോഴായിരുന്നു സുരേഷ് ഗോപി ക്ഷുഭിതനായത്.
‘‘അടുപ്പിക്കാത്ത സ്ഥലത്തേയ്ക്ക് എന്തിനാണ് എന്നെ കൊണ്ടുവന്നത്? എന്ത് ആവശ്യത്തിനാണ്? നിങ്ങൾ എനിക്ക് വോട്ട് മേടിച്ചു തരാനാണെങ്കിൽ വോട്ടു ചെയ്യുന്ന പൗരൻ ഇവിടെയുണ്ടാകണം. ബൂത്തുകാർ ഇതു മനസിലാക്കണം. എന്നെ സഹായിച്ചില്ലെങ്കിൽ നാളെ ഞാൻ തിരുവനന്തപുരത്തേയ്ക്കു പോകും. അവിടെപോയി രാജീവ് ചന്ദ്രശേഖറിനു വേണ്ടി പ്രവർത്തിച്ചോളാം. എനിക്ക് ഒരു താൽപര്യവുമില്ല, ഭയങ്ക കഷ്ടമാണ് ഇത് കേട്ടോ.’’– സുരേഷ് ഗോപി പറഞ്ഞു.