SURESH GOPI| സ്വര്‍ണക്കൊള്ളയില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ നടന്‍മാരുടെ വീട്ടില്‍ ഇ.ഡി റെയ്ഡ് നടത്തിയെന്ന് സുരേഷ് ഗോപി; സത്യം തിരിച്ചറിഞ്ഞതിന് അഭിനന്ദമെന്ന് പ്രതിപക്ഷ നേതാവ്

Jaihind News Bureau
Friday, October 10, 2025

വിചിത്ര വാദവുമായി ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി. നടന്മാരായ ദുല്‍ഖര്‍ സല്‍മാന്‍റെയും പൃഥ്വിരാജിന്‍റെയും വീടുകളില്‍ നടന്ന ഇ.ഡി. റെയ്ഡ് സ്വര്‍ണപ്പാളി വിവാദം മുക്കാനാണ് എന്നാണ് സുരേഷ് ഗോപിയുടെ വാദം. ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദവും ‘പ്രജാ’ വിവാദവും ഉള്‍പ്പെടെയുള്ള യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് സിനിമാ മേഖലയിലെ പ്രമുഖരെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നതെന്നാണ് സുരേഷ് ഗോപിയുടെ നിരീക്ഷണം. അതേസമയം, സ്വര്‍ണപ്പാളി വിവാദം മുക്കാനാണ് ഇ.ഡി റെയ്‌ഡെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി തിരിച്ചറിഞ്ഞതിന് അദ്ദേഹത്തെ അഭിനന്ദിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പരിഹസിച്ചു.

പാലക്കാട് കല്ലേക്കുളങ്ങരയില്‍ നടന്ന കലുങ്ക് സംവാദത്തിനിടെയാണ് സുരേഷ് ഗോപി വിചിത്ര വാദം ഉന്നയിച്ചത്. സ്വര്‍ണ്ണത്തിന്റെ കേസ് മുക്കാനാണോ സിനിമാ രംഗത്തെ രണ്ടുപേരെ വീണ്ടും ‘ത്രാസില്‍ കയറ്റി അളക്കാന്‍’ കേരള ജനതയ്ക്ക് വിട്ടുകൊടുക്കുന്നതെന്നും, ഇതെല്ലാം കുല്‍സിത നീക്കങ്ങളാണോയെന്നും അദ്ദേഹം ചോദിച്ചിരുന്നു. ഇതിനു മറുപടിയായിട്ടാണ് പ്രതിപക്ഷ നേതാവ് രംഗത്ത് വന്നത്. സാധാരണയായി കേന്ദ്ര സര്‍ക്കാര്‍ പ്രതിസന്ധിയിലാകുമ്പോഴാണ് ഇ.ഡി അന്വേഷണവുമായി ഇറങ്ങുന്നതെന്നും എന്നാല്‍ ഇവിടെ സംസ്ഥാന സര്‍ക്കാര്‍ പ്രതിസന്ധിയിലായപ്പോഴാണ് ഇ.ഡി അന്വേഷണവുമായി ഇറങ്ങിയിരിക്കുന്നതെന്നും വി.ഡി സതീശന്‍ പരിഹസിച്ചു. ഇരുവരും ത്മമില്‍ ഒരു അവിശുദ്ധ രാഷ്ട്രീയ ബന്ധമുണ്ട്. അതുകൊണ്ടാണ് ഇ.ഡി ഇറങ്ങിയതെന്ന് കേന്ദ്രമന്ത്രി പറഞ്ഞാല്‍ അവിശ്വസിക്കേണ്ട കാര്യമില്ല. അദ്ദേഹത്തിന് അതേക്കുറിച്ച് കൂടുതല്‍ അറിവുണ്ടാകും. കേരള സര്‍ക്കാരിനെ രക്ഷിക്കാനും സ്വര്‍ണക്കൊള്ളയില്‍ നിന്നും ശ്രദ്ധ മാറ്റാനുമാണ് നടന്‍മാരുടെ വീട്ടില്‍ ഇ.ഡി കയറുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞാല്‍ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും പ്രതിപക്ഷം പറഞ്ഞതു തന്നെയാണ് കേന്ദ്രമന്ത്രിയും ശരിവച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.