SURESH GOPI| ചോദ്യമുനയില്‍ കേന്ദ്ര മന്ത്രി; പൂരം അലങ്കേലപ്പെട്ടതില്‍ സുരേഷ് ഗോപിയെ അതീവ രഹസ്യമായി ചോദ്യം ചെയ്തു

Jaihind News Bureau
Monday, July 7, 2025

തൃശൂര്‍പൂരം കലക്കലുമായി ബന്ധപ്പെട്ട ഗൂഢാലോചന ആരോപണത്തില്‍ ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിയെ പോലീസ് ചോദ്യം ചെയ്ത് മൊഴിയും രേഖപ്പെടുത്തി. തിരുവനന്തപുരത്ത് വെച്ച് അതീവ രഹസ്യമായിട്ടാണ് ചോദ്യം ചെയ്യല്‍ നടന്നതെന്നാണ് വിവരം. എഡിജിപി എച്ച്.വെങ്കിടേഷിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

തൃശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ അലങ്കോലമായതിന് പിന്നാലെ തിരുവമ്പാടി വിഭാഗം പൂരം നിര്‍ത്തിവച്ചിരുന്നു. തൊട്ടു പിന്നാലെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമമെന്ന പേരില്‍ സുരേഷ് ഗോപി ആംബുലന്‍സില്‍ വന്നിറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. മറ്റു വാഹനങ്ങള്‍ക്കു പ്രവേശനമില്ലാതിരുന്ന മേഖലയിലേക്ക് ആംബുലന്‍സില്‍ സുരേഷ് ഗോപിയെ എത്തിച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് അന്ന് പ്രതിപക്ഷം ശക്തമായ ആരോപണം ഉന്നയിച്ചിരുന്നു.

പൂരം അലങ്കോലപ്പെട്ടെന്ന് തന്നെ അറിയിച്ചത് പാര്‍ട്ടി പ്രവര്‍ത്തകരാണെന്നാണ് മൊഴി നല്‍കിയിട്ടുള്ളത്. അതനുസരിച്ചാണ് സംഭവ സ്ഥലത്തേക്ക് എത്തിയതെന്നും മൊഴിയില്‍ പറയുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.