എസ്ഐയെക്കൊണ്ട് സല്യൂട്ട് ചെയ്യിപ്പിച്ച് സുരേഷ് ഗോപി എംപി; വിവാദം

 

തൃശൂർ: തൃശൂരിൽ വീണ്ടും സല്യൂട്ട് വിവാദം. തനിക്ക് സല്യൂട്ട് ലഭിക്കുന്നില്ലെന്ന മേയറുടെ പരാതി നിലനിൽക്കെ എസ്.ഐയെ കൊണ്ട് സല്യൂട്ട് ചെയ്യിച്ച് സുരേഷ് ഗോപി എം.പി വിവാദത്തിൽപ്പെട്ടു. കണ്ടിട്ടും ജീപ്പിൽ നിന്നിറങ്ങാതിരുന്ന എസ്ഐയെ വിളിച്ചുവരുത്തിയാണ് സുരേഷ് ഗോപി സല്യൂട്ട് ചെയ്യിപ്പിച്ചത്.

തൃശൂർ പുത്തൂരിലാണ് സംഭവമുണ്ടായത്. ചുഴലിക്കാറ്റിൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങൾ സന്ദർശിക്കാനാണ് സുരേഷ് ഗോപി എംപി ഇവിടെ എത്തിയത്. താരം എത്തുന്ന വിവരമറിഞ്ഞ് നിരവധി പേർ സ്ഥലത്ത് ഒത്തു കൂടിയിരുന്നു. ഇതേ സമയം ജീപ്പിൽ ഇരിക്കുകയായിരുന്നു ഒല്ലൂർ എസ്ഐ. തന്നെ കണ്ടിട്ടും ജീപ്പിൽ എസ്.ഐ ജീപ്പിൽ നിന്നിറങ്ങാതിരുന്നത് സുരേഷ് ഗോപിയെ പ്രകോപിപ്പിച്ചു. എസ്ഐയെ വിളിച്ചുവരുത്തി താൻ മേയറല്ല എംപിയാണെന്ന് ഓർമ്മിപ്പിച്ച താരം ഒരു സല്യൂട്ടാവാം എന്നും വ്യക്തമാക്കി.

‘താങ്കള്‍ ജീപ്പില്‍ തന്നെ ഇരിക്കുകയായിരുന്നില്ലേ. ഞാന്‍ ഒരു എംപിയാണ്. ഒരു സല്യൂട്ടൊക്കെ ആവാം. ആ ശീലമൊന്നും മറക്കരുത്. ഞാന്‍ മേയറല്ല’ – സുരേഷ് ഗോപി പറഞ്ഞു.

തുടർന്ന് എസ്.ഐ സുരേഷ് ഗോപിയെ സല്യൂട്ട് ചെയ്തു. എന്തായാലും സമൂഹ മാധ്യമങ്ങളിൽ എംപിയുടെ നടപടിക്കെതിരെ പ്രതിഷേധം കനക്കുകയാണ്. പൊതുജനമധ്യത്തിൽ എസ്ഐ യെ അപമാനിച്ചു എന്നാണ് സേനക്കുള്ളിലും ഉയരുന്ന അഭിപ്രായം.

Comments (0)
Add Comment