തെങ്ങിന്‍ തൈ വിതരണത്തിനിടെ ബിജെപി പ്രവർത്തകരുടെ തിക്കും തിരക്കും; പിണങ്ങി വേദി വിട്ട് സുരേഷ് ഗോപി

Monday, September 20, 2021

കൊല്ലം : കൊട്ടാരക്കരയിൽ ബിജെപി പരിപാടിക്കിടയിൽ നിന്നും സുരേഷ് ഗോപി എംപി പരിഭവിച്ചിറങ്ങിപ്പോയി. പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് ബിജെപികൊട്ടാരക്കരയിൽ നടത്തിയ തെങ്ങിൻ തൈ വിതരണത്തിനിടയിലായിരുന്നു സുരേഷ് ഗോപി ഇറങ്ങിപ്പോയത്. പ്രവർത്തകർ തിക്കും തിരക്കും കാട്ടിയതിൽ പരിഭവിച്ചാണ് പാതിവഴിയിൽ പരിപാടി ഉപേക്ഷിച്ച് സുരേഷ് ഗോപി മടങ്ങിയത്.

തന്‍റെ അരികിലേക്ക് കൂട്ടമായി പ്രവർത്തകർ എത്തുന്നത് താരം വിലക്കിയെങ്കിലും പ്രവർത്തകർ വീണ്ടുമെത്തിയതോടെ ആരോടും സംസാരിക്കാതെ പിണങ്ങി ഇറങ്ങി വാഹനത്തിൽ കയറി സുരേഷ് ഗോപി പോവുകയായിരുന്നു. ബിജെപി ജില്ലാ പ്രസിഡന്‍റ് അടക്കമുളള നേതാക്കൾ നോക്കിനില്‍ക്കേയാണ് സുരേഷ് ഗോപി ചടങ്ങിൽ നിന്നും ഇറങ്ങി പോയത്.