SURESH GOPI| ‘സുരേഷ് ഗോപിയെ കാണാനില്ല; തിരോധാനത്തിന് പിന്നില്‍ ആരെന്ന് കണ്ടെത്തണം?’ പരാതിയുമായി കെ എസ് യു നേതാവ്

Jaihind News Bureau
Sunday, August 10, 2025

 

കേന്ദ്രമന്ത്രിയും തൃശൂരില്‍ നിന്നുള്ള എംപിയുമായ സുരേഷ് ഗോപിയെ കാണാനില്ലെന്ന പരാതിയുമായി കെഎസ്‌യു നേതാവ് ഗോകുല്‍്. സുരേഷ് ഗോപിയെ തൃശൂര്‍ മണ്ഡലത്തില്‍ ജയിച്ചതിനു ശേഷം കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്‌യു തൃശൂര്‍ ജില്ലാ അധ്യക്ഷന്‍ ഗോകുല്‍ ഗുരുവായൂര്‍ പൊലീസിലാണ് പരാതി നല്‍കിയത്. ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളുടെ അറസ്റ്റിനുശേഷമാണ് സുരേഷ് ഗോപിയെ കാണാതായതെന്നാണ് പരാതിയില്‍ ഉന്നയിക്കുന്നത്. മന്ത്രി സുരേഷ് ഗോപിയുടെ തിരോധാനത്തിനു പിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.

തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും ജനങ്ങള്‍ ജയിപ്പിച്ചു വിട്ട സുരേഷ് ഗോപി എംപിയെ ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കുശേഷം എവിടെയും കാണാനില്ലാത്ത സാഹചര്യമാണെന്നാണ് ഗോകുല്‍ പരാതിയില്‍ ഉന്നയിക്കുന്നത്. ഇതിനാല്‍ അദ്ദേഹത്തിന്റെ തിരോധാനത്തിന് പിന്നില്‍ ആരാണെന്നും അദ്ദേഹം എവിടെയാണെന്നും കണ്ടെത്തണമെന്നും പറഞ്ഞുകൊണ്ടാണ് പരാതി.

സുരേഷ് ഗോപിക്കെതിരെ പരോക്ഷ പരിഹാസവുമായി ഓര്‍ത്തഡോക്‌സ് സഭ തൃശ്ശൂര്‍ ഭദ്രാസന അധിപന്‍ മാര്‍ യൂഹാനോന്‍ മിലിത്തിയോസും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ദില്ലിയിലേക്ക് അയച്ച നടനെ കാണാനില്ലെന്നും പൊലീസില്‍ അറിയിക്കണോയെന്നാണ് ആശങ്കയെന്നും പറഞ്ഞുകൊണ്ട് മാര്‍ യൂഹാനോന്‍ മിലിത്തോസ് ഫേസ്ബുക്കിലിട്ട പോസ്റ്റിലൂടെയാണ് സുരേഷ് ഗോപിക്കെതിരെ വിമര്‍ശനം നടത്തിയത്.

മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിക്കപ്പെട്ട് ഛത്തീസ്ഗഡില്‍ രണ്ട് മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തിലും അതിനുശേഷം ഒഡീഷയിലും ബിഹാറിലുമടക്കം കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കുനേരെ അതിക്രമം ഉണ്ടായ സംഭവങ്ങളിലുമടക്കം കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഇതുവരെ പ്രതികരിച്ചിരുന്നില്ല. അതിന്റെ പശ്ചാത്തലത്തിലാണ് പല കോണുകളില്‍ നിന്നും പരിഹാസം ഉയരുന്നത്.