‘ഇത് നിങ്ങളുടെ തീറ്റയാണ് ഇതുവെച്ച് നിങ്ങള്‍ ക്യാഷുണ്ടാക്കിക്കോളൂ’ ‘പ്രതികരിക്കാന്‍ സൗകര്യമില്ല’; തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരെ പിടിച്ചുതള്ളി സുരേഷ് ഗോപി

 

തൃശൂര്‍: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന് വരുന്ന ആരോപണങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് മാധ്യമ പ്രവര്‍ത്തകരോട് ക്ഷുഭിതനായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഒരു വലിയ സംവിധാനത്തെ തകിടം മറിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും ഇതുവെച്ച് പണമുണ്ടാക്കാനാണ് മാധ്യമങ്ങളുടെ ശ്രമമെന്നും സുരേഷ് ഗോപി പറഞ്ഞു.

മുകേഷ് എംഎല്‍എ ഉള്‍പ്പെടെയുള്ള പ്രമുഖ നടന്മാര്‍ക്കെതിരെ ഉയര്‍ന്ന് വരുന്ന ആരോപണങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് മന്ത്രിയുടെ മറുപടി ഇങ്ങനെ: ‘ഇത് നിങ്ങളുടെ തീറ്റയാണ് എന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഇതുവെച്ച് നിങ്ങള്‍ ക്യാഷുണ്ടാക്കിക്കോളൂ. കുഴപ്പമില്ല. എന്നാല്‍ ഒരു വലിയ സംവിധാനത്തെ തകിടം മറിക്കുകയാണ്. ഈ വിഷയങ്ങളെല്ലാം കോടതിയിലുണ്ടെങ്കില്‍ കോടതിക്ക് ബുദ്ധിയുണ്ട്, യുക്തിയുണ്ട് കോടതി തീരുമാനമെടുത്തോളും. സര്‍ക്കാര്‍ അത് കോടതിയില്‍ കൊടുത്താല്‍ അവര്‍ സ്വീകരിക്കും. തമ്മിത്തല്ലിച്ച് സമൂഹത്തിന്‍റെ മാനസികാവസ്ഥയെ വഴിതെറ്റിച്ചുവിടാനാണ് നിങ്ങളുടെ ശ്രമം. പരാതി ആരോപണത്തിന്‍റെ രൂപത്തിലാണ്. നിങ്ങള്‍ കോടതിയാണോ..കോടതി തീരുമാനിക്കും’- സുരേഷ് ഗോപി പ്രതികരിച്ചു.

അതേസമയം രാമനിലയത്തിലെത്തിയ മാധ്യമങ്ങളെ പ്രതികരിക്കാൻ സൗകര്യമില്ലെന്ന് പറഞ്ഞ് തള്ളിമാറ്റി. എന്‍റെ വഴി എന്‍റെ അവകാശമാണെന്നും പ്രതികരിക്കാൻ സൗകര്യമില്ലെന്നും സുരേഷ് ​ഗോപി പറഞ്ഞു. മുകേഷിന്‍റെ  രാജിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടായിരുന്നു പ്രകോപനം. സുരേഷ് ഗോപിയുടെ നിലപാടിനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും രം​ഗത്തെത്തി. ചലച്ചിത്ര നടനെന്ന നിലയിൽ സുരേഷ് ഗോപിക്ക് അഭിപ്രായം പറയാമെന്നും ബിജെപിയുടെ നിലപാട് പാർട്ടി നേതൃത്വം പറയുന്നതാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. സുരേഷ് ഗോപി പറയുന്നതല്ല പാർട്ടി നിലപാട്, മുകേഷ് രാജി വെയ്ക്കണം എന്ന് തന്നെയാണ് ബിജെപി നിലപാടെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

Comments (0)
Add Comment