സുരേന്ദ്രനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു ; അമിത് ഷായെയും നദ്ദയെയും കാണും

Jaihind Webdesk
Wednesday, June 9, 2021

ന്യൂഡല്‍ഹി : വിവാദങ്ങള്‍ക്കിടെ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് ദേശീയ നേതൃത്വം. ഇന്ന് ഉച്ചയ്ക്ക് ശേഷം ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരെ കണ്ട് കാര്യങ്ങള്‍ വിശദീകരിക്കും. കൊടകര കുഴൽപ്പണക്കേസും തെരഞ്ഞെടുപ്പ് കോഴയും സി.കെ ജാനു വിഷയവും ഉള്‍പ്പെടെയുള്ള വിവാവദങ്ങള്‍ കത്തിനില്‍ക്കുന്നതിനിടെയാണ് സുരേന്ദ്രന്‍ ദേശീയ നേതാക്കളെ കാണുന്നത്.

നിയമസഭാ തെരഞ്ഞടുപ്പിന് പിന്നാലെ ഒന്നിനുപിറകെ ഒന്നായി ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ അടിമുടി പ്രതിരോധത്തിലാണ് കെ സുരേന്ദ്രനും ബിജെപിയും. കോര്‍ കമ്മിറ്റി യോഗത്തില്‍ സുരേന്ദ്രനെതിരെ കൃഷ്ണദാസ് പക്ഷം രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്. തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തെ ചൊല്ലിയും പാര്‍ട്ടിക്കുള്ളില്‍ സുരേന്ദ്രനെതിരെ അതൃപ്തി നിലനില്‍ക്കുന്നുണ്ട്. എല്ലാ ആരോപണങ്ങളിലും കേന്ദ്ര ബിന്ദു സുരേന്ദ്രനാണ്. മുതിര്‍ന്ന ബിജെപി ആര്‍എസ്എസ് നേതാക്കളും സംസ്ഥാന അധ്യക്ഷനെതിരെ രംഗത്തുണ്ട്. ഉപ്പുതിന്നവര്‍ വെള്ളം കുടിക്കുമെന്നായിരുന്നു മുതിര്‍ന്ന ബിജെപി നേതാവ് സി.കെ പദ്മനാഭന്‍റെ പ്രതികരണം. ബിജെപി അടിമുടി രോഗഗ്രസ്തമാണെന്നും അടിയന്തര ശസ്ത്രക്രിയ വേണമെന്നും സംഘപരിവാര്‍ നേതാവ് പി.പി മുകുന്ദനും വിമര്‍ശിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ നേട്ടമുണ്ടാക്കുമെന്ന് പ്രഖ്യാപിച്ചിറങ്ങിയ ബിജെപിക്ക് കേരളത്തിലെ സിറ്റിംഗ് സീറ്റ് പോലും നഷ്ടപ്പെട്ടെന്ന് മാത്രമല്ല വോട്ട് ശതമാനത്തിലും കുറവുണ്ടായി. കേന്ദ്രത്തെ തെറ്റിദ്ധരിപ്പിച്ചായിരുന്നു സുരേന്ദ്രന്‍റെ അവകാശവാദങ്ങളെന്ന വിലയിരുത്തലുണ്ട്. തെരഞ്ഞെടുപ്പ് കോഴയുമായി ബന്ധപ്പെട്ട് സുരേന്ദ്രനെതിരെ കേസെടുത്ത് ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചത് പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കി. ഈ സാഹചര്യത്തിലാണ് സുരേന്ദ്രന്‍ ഇന്ന് ദേശീയനേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത്.