സര്‍ക്കാരും സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറും തമ്മിലുള്ള തര്‍ക്കം ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കണമെന്ന് ജസ്റ്റിസ് ജെ.ബി. പര്‍ദിവാല അധ്യക്ഷനായ ബെഞ്ച് ഇരുവിഭാഗത്തോടും അഭ്യര്‍ത്ഥിച്ചു.
സിന്‍ഡിക്കേറ്റ് യോഗം ചേരാന്‍ സര്‍ക്കാര്‍ പ്രതിനിധികളെ അയക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് താത്കാലിക വൈസ് ചാന്‍സലര്‍ ഡോ. കെ. ശിവപ്രസാദ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ ഈ പരാമര്‍ശം. ബജറ്റ് പാസാക്കാത്തതിനാല്‍ ഇന്റര്‍നെറ്റ് കണക്ഷന് ഉടന്‍ വിച്ഛേദിക്കപ്പെടുമെന്നും ജീവനക്കാരുടെ ശമ്പളം മുടങ്ങുമെന്നും വിസിയുടെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.
വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് തിങ്കളാഴ്ച അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു. സര്‍വകലാശാല ഭരണവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടക്കുന്ന ‘അടിയൊഴുക്കുകളും മേലൊഴുക്കുകളും’ തങ്ങള്‍ക്ക് അറിയാമെന്ന് ബെഞ്ചിലെ മറ്റൊരു അംഗമായ ജസ്റ്റിസ് കെ.വി. വിശ്വനാഥന് പറഞ്ഞു.
കേരള സാങ്കേതിക സര്‍വകലാശാലയില്‍ ഡോ. കെ. ശിവപ്രസാദിനെ താത്കാലിക വൈസ് ചാന്‍സലറായി നിയമിച്ചത് ചട്ടവിരുദ്ധമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചു. സര്‍ക്കാരിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന് ജയ്ദീപ് ഗുപ്തയും സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി.കെ. ശശിയും ഹാജരായി. വിസിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ പി.എന്‍. രവീന്ദ്രന്, ജോര്‍ജ് പൂന്തോട്ടം, അഭിഭാഷകന് പി.എസ്. സുധീര്‍ എന്നിവരാണ് ഹാജരായത്.