നോട്ട് നിരോധനം ശരിവെച്ച് സുപ്രീം കോടതി; വിയോജിച്ച് ജസ്റ്റിസ് നാഗരത്ന

Jaihind Webdesk
Monday, January 2, 2023

 

ന്യൂഡൽഹി:  നോട്ടുനിരോധനം ശരിവെച്ച് സുപ്രീം കോടതി. അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ 4 ജഡ്ജിമാർ തീരുമാനത്തെ അനുകൂലിച്ചു. അതേസമയം ജസ്റ്റിസ് നാഗരത്ന മോദി സര്‍ക്കാരിന്‍റെ നോട്ട് നിരോധനത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. നോട്ടുനിരോധനം ചോദ്യം ചെയ്തുള്ള 58 ഹർജികളിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്.

ജസ്റ്റിസ് ബി.ആർ ഗവായ് ആണ് ആദ്യം വിധി പറഞ്ഞത്. നോട്ടുനിരോധനത്തിലൂടെ സർക്കാർ മുന്നോട്ടുവെച്ച ലക്ഷ്യങ്ങൾ കൈവരിച്ചോ ഇല്ലയോ എന്നതു പ്രസക്തമല്ല. എന്നാല്‍ നോട്ടുനിരോധനത്തിന്‍റെ മൂന്നു ലക്ഷ്യങ്ങളും ശരിയാണെന്ന് ജസ്റ്റിസ് ഗവായ് ചൂണ്ടിക്കാട്ടി. അഞ്ചംഗ ബെഞ്ചിലെ മറ്റ് മൂന്നു പേരും ഈ വിധിയോടു യോജിച്ചു. ജസ്റ്റിസ് നാഗരത്ന നോട്ട് നിരോധനത്തെ എതിർത്തു. നോട്ട് നിരോധനം നടപ്പാക്കേണ്ടിയിരുന്നത് നിയമനിർമാണത്തിലൂടെ ആയിരുന്നെന്നും സർക്കാർ വിജ്ഞാപനത്തിലൂടെ ആയിരുന്നില്ലെന്നും നാഗരത്ന ചൂണ്ടിക്കാട്ടി.

ആർബിഐ നിയമം 26 (2) വകുപ്പ് പ്രകാരം നോട്ട് നിരോധനത്തിനുള്ള നടപടികൾ ആരംഭിക്കേണ്ടിയിരുന്നത് റിസർവ് ബാങ്ക് ആയിരുന്നു. രഹസ്യ സ്വഭാവം വേണ്ടതാണെങ്കില്‍ ഓർഡിനൻസ് ആണ് ഇറക്കേണ്ടിയിരുന്നത്. ജനാധിപത്യത്തിന്‍റെ നെടുംതൂണായ പാർലമെന്‍റിനെ മാറ്റിനിർത്തി ഇത്രയും സുപ്രധാനമായ തീരുമാനം കൈക്കൊള്ളരുതായിരുന്നുവെന്നും ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാസം 7 നാണ് നോട്ട് നിരോധനത്തെ എതിർത്തുള്ള ഹര്‍ജികളില്‍ വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റിയത്.