മുന്നാക്ക സംവരണം ശരിവെച്ച് സുപ്രീം കോടതി

Jaihind Webdesk
Monday, November 7, 2022

തൊഴില്‍, വിദ്യാഭ്യാസ മേഖലയില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് 10 ശതമാനം സംവരണം നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവച്ച് സുപ്രീം കോടതി. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുന്നതിന് കൊണ്ടുവന്ന ഭരണഘടനയുടെ 103ാം ഭേദഗതിക്കെതിരായ ഹര്‍ജികളിലാണ് സുപ്രീ കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധി. അഞ്ചില്‍ മൂന്ന് ജഡ്ജിമാരും സംവരണം ശരിവച്ചു.

മുന്നാക്കക്കാരിലെ ദരിദ്രര്‍ക്കുള്ള സംവരണം ഭരണഘടനാപരമെന്നാണ് സുപ്രീംകോടതിയുടെ ഭരണഘടന ബഞ്ചിന്‍റെ ഭൂരിപക്ഷവിധി. അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് ഭേല എം.ത്രിവേദി, ജസ്റ്റിസ് ജെ.ബി.പര്‍ദിവാല എന്നിവരാണ് സംവരണത്തെ അനുകൂലിച്ചവര്‍. ചീഫ് ജസ്റ്റിസ് യു.യു.ലളിത്, ജസ്റ്റിസ് എസ്.രവീന്ദ്ര ഭട്ട് എന്നിവര്‍ സംവരണത്തെ എതിര്‍ത്തു. ആകെ നാല് വിധി പ്രസ്താവങ്ങളാണ് ഉണ്ടായിരുന്നത്. ജസ്റ്റിസ് എസ്.രവീന്ദ്ര ഭട്ടിന്റെ വിധിയോട് അനുകൂലിക്കുന്നതായി ചീഫ് ജസ്റ്റിസ് വ്യക്തമാക്കുകയായിരുന്നു.
സാമ്പത്തിക സംവരണത്തില്‍ പിന്നാക്ക വിഭാഗങ്ങളെ ഒഴിവാക്കിയത് ഭരണഘടനാ വിരുദ്ധമല്ലെന്നു സംവരണത്തെ അനുകൂലിച്ച ജസ്റ്റിസുമാര്‍ നിരീക്ഷിച്ചു. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം തെറ്റല്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു. എന്നാല്‍ മുന്നാക്ക സംവരണം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കും സാമൂഹികനീതിക്കും എതിരാണെന്ന് ജസ്റ്റിസ് രവീന്ദ്ര ഭട്ട് വിയോജന വിധിയില്‍ പറഞ്ഞു. ഭരണഘടന വിലക്കിയ വിവേചനം ഭേദഗതിയിലൂടെ നടപ്പാക്കുകയാണ്. ജാതി വിവേചനത്തിന്‍റെ ദുരിതങ്ങളെ നിയമപരമായി അംഗീകരിക്കുന്നതിന് തുല്യമാണ് മുന്നാക്ക സംവരണമെന്നും ജസ്റ്റിസ് രവീന്ദ്ര ഭട്ട് നിരീക്ഷിച്ചു.

ഏഴ് ദിവസങ്ങളിലായി 20 അഭിഭാഷകരുടെ വാദം കേട്ട ശേഷമാണ് സുപ്രീംകോടതി വിധി പറഞ്ഞത്. ഭൂരിഭാഗം ഹര്‍ജികളും ഭേദഗതിയുടെ സാധുതയെ ചോദ്യം ചെയ്യുന്നതാണ്. 2019 ലെ ഭരണഘടനാ ഭേദഗതി (103-ആം) നിയമത്തിന്റെ സാധുതയെ വെല്ലുവിളിച്ച് 2019 ല്‍ ‘ജന്‍ഹിത് അഭിയാന്‍’ അടക്കം നല്‍കിയ 40 ഓളം ഹര്‍ജികള്‍ കോടതി പരിഗണിച്ചുരുന്നു.

2019 ജനുവരിയില്‍ സാമ്പത്തിക സംവരണ ബില്‍ ലോക്‌സഭയും രാജ്യസഭയും പാസാക്കിയിരുന്നു. തുടര്‍ന്ന് ബില്ലില്‍ അന്നത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. നിലവിലുള്ള എസ്സി, എസ്ടി, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ എന്നിവര്‍ക്കുള്ള 50 ശതമാനം സംവരണത്തിന് മുകളിലാണ് ഇ ഡബ്ലു എസ് ക്വാട്ട. നവംബര്‍ എട്ടിന് വിരമിക്കുന്നതിനാല്‍ ചിഫ് ജസ്റ്റിസ് യു യു ലളിതിന്റെ അവസാന പ്രവൃത്തി ദിനമാണിന്ന്.