ന്യൂഡല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്ന പൊതുതാത്പര്യ ഹര്‍ജികള്‍ക്കൊപ്പം സമരം ചെയ്യുന്ന കർഷകരെ നീക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹര്‍ജികളും സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കാര്‍ഷിക നിയമങ്ങളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് പരിഗണിക്കുന്നത്.
പ്രക്ഷോഭത്തിനെതിരെ കടുത്ത നിലപാട് സ്വീകരിക്കാനാണ് കേന്ദ്രനീക്കം. എന്നാല്‍ രാഷ്ട്രീയ പരിഹാരം കാണേണ്ട വിഷയത്തില്‍ കോടതി ഇടപെടരുതെന്ന് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെടും. സമരം ചെയ്യുന്ന പല കര്‍ഷക സംഘടനകള്‍ക്കും നോട്ടീസ് ലഭിക്കാത്തതും ചൂണ്ടിക്കാട്ടും. മുതിര്‍ന്ന അഭിഭാഷകരായ പ്രശാന്ത് ഭൂഷണും ദുഷ്യന്ത് ദവെയുമാണ് പ്രക്ഷോഭകര്‍ക്ക് വേണ്ടി ഹാജരാകുന്നത്. അതേസമയം ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക പ്രക്ഷോഭം 47ാം ദിവസത്തിലേക്ക് കടന്നു.