കോടതി പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കില്ല : സുപ്രീംകോടതി

Jaihind Webdesk
Monday, May 3, 2021

ന്യൂഡല്‍ഹി : കോടതി പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കില്ലെന്ന് സുപ്രീംകോടതി. ജഡ്ജിമാരുടെ മനസിലുള്ളത് എന്താണെന്ന് ജനം അറിയേണ്ടതുണ്ട്. ഹൈക്കോടതി ജഡ്ജിമാരെ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ നിന്ന് വിലക്കാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. മദ്രാസ് ഹൈക്കോടതി പരാമര്‍ശത്തിനെതിരായ ഹര്‍ജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്.

തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നായിരുന്നു പരാമര്‍ശം. പരാമര്‍ശം ഡോക്ടര്‍ നല്‍കിയ കയ്പുള്ള മരുന്നായി കണ്ടാല്‍ മതിയെന്ന് സുപ്രീം കോടതി ന്യായീകരിച്ചു. ഉത്തരവിനായി ഹർജി അടുത്താഴ്ചയിലേക്ക് മാറ്റി.

കൊവിഡ് അതിതീവ്ര വ്യാപനത്തില്‍ തങ്ങള്‍ക്കെതിരായ മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെ മാധ്യമങ്ങള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹർജി സമർപ്പിച്ചിരുന്നു. മാധ്യമങ്ങള്‍ക്ക് ഭാഗിക വിലക്കേര്‍പ്പെടുത്തണമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ആവശ്യം.

കൊവിഡ് വ്യാപനത്തിന്‍റെ പൂർണ്ണ ഉത്തരവാദിത്വം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും കമ്മീഷനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും മദ്രാസ് ഹൈക്കോടതി കടുത്ത ഭാഷയില്‍ വിമർശിച്ചിരുന്നു. കമ്മീഷനെതിരായ കോടതി പരാമർശങ്ങള്‍ മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെതിരെയായിരുന്നു കമ്മീഷന്‍റെ ഹർജി. കഴിഞ്ഞ 26 നായിരുന്നു കോടതിയുടെ രൂക്ഷ വിമർശനം.

ഉത്തരവുകളിലോ വിധിന്യായങ്ങളിലോ രേഖപ്പെടുത്തിയിരിക്കുന്ന നിരീക്ഷണങ്ങളില്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ ഒതുക്കണം, കോടതി നടത്തുന്ന വാക്കാലുള്ള നിരീക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമ സ്ഥാപനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മദ്രാസ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. തമിഴ്‌നാട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സത്യബ്രതയാണ് മാധ്യമങ്ങളെ ഭാഗികമായി വിലക്കണമെന്നാവശ്യപ്പെട്ട് സത്യവാങ്മൂലം നല്‍കിയത്.