വിസി നിയമന തര്‍ക്കത്തില്‍ സുപ്രീം കോടതിയുടെ കടുത്ത ഇടപെടല്‍: നിയമനം കോടതി നേരിട്ട് പരിഗണിക്കും

Jaihind News Bureau
Thursday, December 11, 2025

 

കേരളത്തിലെ സാങ്കേതിക സര്‍വകലാശാലയിലെയും ഡിജിറ്റല്‍ സര്‍വകലാശാലയിലെയും വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ സുപ്രീംകോടതിയുടെ കര്‍ശന ഇടപെടല്‍. ഇരുവിഭാഗങ്ങളും സമവായത്തിലെത്താന്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ വിസി സ്ഥാനത്തേക്കുള്ള നിയമനം കോടതി തന്നെ നിര്‍ണയിക്കുമെന്ന് ബെഞ്ച് അറിയിച്ചു.

ജസ്റ്റിസ് ധൂലിയയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും നിര്‍ദേശിക്കുന്ന പേരുകള്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിക്കണമെന്ന് സമിതിയോട് നിര്‍ദേശിച്ചു. വിസി നിയമനത്തില്‍ സമവായത്തില്‍ എത്തിയിട്ടില്ലെന്ന വിവരം ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും സംസ്ഥാന സര്‍ക്കാരും നേരത്തെ കോടതിയില്‍ അറിയിച്ചിരുന്നു.

മുഖ്യമന്ത്രി ശുപാര്‍ശ ചെയ്ത പേരുകള്‍ ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. മറുവശത്ത്, ഗവര്‍ണര്‍ മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തിന്റെ പകര്‍പ്പ് സമര്‍പ്പിക്കാമെന്ന് അറ്റോര്‍ണി ജനറല്‍ അറിയിച്ചു. എന്നാല്‍ ഈ രേഖ പരിശോധിക്കേണ്ടതില്ലെന്നു കോടതി വ്യക്തമാക്കുകയും ആവശ്യത്തെ തള്ളുകയും ചെയ്തു.

ഗവര്‍ണറുടെ സത്യവാങ്മൂലത്തില്‍ സാങ്കേതിക സര്‍വകലാശാലയ്ക്കു സിസ തോമസിനെയും ഡിജിറ്റല്‍ സര്‍വകലാശാലയ്ക്കു പ്രിയ ചന്ദ്രനെയും വിസിയായി നിയമിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സിസ തോമസ് വിസിയായിരുന്ന കാലത്ത് സര്‍വകലാശാലയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. ”അതിനുള്ള തെളിവ് എവിടെ?” എന്ന കോടതി ചോദ്യത്തില്‍ സര്‍ക്കാര്‍ നിലപാട് കൂടുതല്‍ പരീക്ഷണവിധേയമായി.മുഖ്യമന്ത്രി മെറിറ്റ് പരിഗണിച്ചില്ലെന്നും മെറിറ്റ് അട്ടിമറിച്ച് മാധ്യമ വാര്‍ത്തകളുടെ പേരില്‍ മുഖ്യമന്ത്രി സിസ തോമസിനെ ഒഴിവാക്കിയെന്നും ഗവര്‍ണര്‍ ആരോപിച്ചു. സാങ്കേതിക സര്‍വകലാശാലയിലേക്ക് സി സതീഷ് കുമാറിനെയും ഡിജിറ്റല്‍ സര്‍വകലാശാലയിലേക്ക് സജി ഗോപിനാഥിനെയും നിയമിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ശുപാര്‍ശ.

വിസി നിയമന തര്‍ക്കത്തില്‍ സമവായ ശ്രമങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന സാഹചര്യത്തിലാണ് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും മന്ത്രിമാരായ പി. രാജീവ്, ആര്‍. ബിന്ദു എന്നിവര്‍ ഇന്നലെ നടത്തിയ കൂടിക്കാഴ്ചയും ഫലശൂന്യമായത്. വിട്ടുവീഴ്ചയ്ക്കില്ല എന്ന നിലപാട് ഗവര്‍ണറും സര്‍ക്കാരും ഉറച്ചുനിന്നതോടെ അനുനയ നീക്കം പൂര്‍ണ്ണമായും തടസ്സപ്പെട്ടു.

സ്വയം നിര്‍ദേശിച്ച പേരുകളാണ് യോഗ്യമെന്ന് ഗവര്‍ണര്‍ ആവര്‍ത്തിച്ചു. ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രി ഹാജരാകാതിരുന്നതിനെക്കുറിച്ച് ഗവര്‍ണര്‍ മന്ത്രിമാരോട് ചോദിച്ചു. മുഖ്യമന്ത്രിയുടെ മുന്‍ഗണനാക്രമം എന്ത് അടിസ്ഥാനത്തിയിലാണെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും ഗവര്‍ണര്‍ മന്ത്രിമാര്‍ക്ക് അറിയിച്ചു.

ഇരു വിഭാഗങ്ങളും യാതൊരു ധാരണയിലും എത്താത്ത സാഹചര്യത്തിലാണ് നിയമന നടപടികള്‍ സുപ്രീംകോടതി ഏറ്റെടുത്തത്. നിര്‍ദേശിച്ച പേരുകള്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിക്കണമെന്ന് ജസ്റ്റിസ് ധൂലിയ ബെഞ്ച് സമിതിയോട് നിര്‍ദേശിച്ചു.