Supreme Court | തെരുവുനായ ശല്യം: നടപടിയെടുക്കാത്തതിന് കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരെ വിളിച്ചുവരുത്തി സുപ്രീംകോടതി

Jaihind News Bureau
Monday, October 27, 2025

തെരുവുനായ ശല്യം തടയുന്നതില്‍ അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (ABC) നിയമങ്ങള്‍ നടപ്പിലാക്കാന്‍ വീഴ്ച വരുത്തി സംസ്ഥാനങ്ങള്‍ക്കെതിരേ സുപ്രീംകോടതി.കോടതി ഉത്തരവുണ്ടായിട്ടും നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് പശ്ചിമ ബംഗാള്‍, തെലങ്കാന ഒഴികെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ നവംബര്‍ മൂന്നിന് നേരിട്ടു ഹാജരാകണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു . സംസ്ഥാനങ്ങള്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ടതിനാണ് ഈ നടപടി. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത, ജസ്റ്റിസ് എന്‍.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ച്, നിയമങ്ങള്‍ പാലിക്കാത്തതിലുള്ള ശക്തമായ അതൃപ്തി രേഖപ്പെടുത്തി. തെരുവുനായ ആക്രമണങ്ങള്‍ ‘വിദേശ രാജ്യങ്ങള്‍ക്ക് മുന്നില്‍ രാജ്യത്തെ മോശമായി ചിത്രീകരിക്കുന്നു’ എന്ന് ബെഞ്ച് നിരീക്ഷിച്ചു.

പശ്ചിമ ബംഗാള്‍, തെലങ്കാന, ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നിവര്‍ മാത്രമാണ് സത്യവാങ്മൂലം സമര്‍പ്പിച്ചതെന്നും, അതും രേഖകളില്‍ ഇല്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. വീഴ്ച വരുത്തിയ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ അടുത്ത തിങ്കളാഴ്ച രാവിലെ 10:30-ന് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചു. നിയമലംഘനം തുടര്‍ന്നാല്‍ പിഴയും നിര്‍ബന്ധിത നടപടികളും ഉണ്ടാകുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

‘എന്‍സിടി എന്തുകൊണ്ട് സത്യവാങ്മൂലം സമര്‍പ്പിച്ചില്ല? ചീഫ് സെക്രട്ടറി വിശദീകരണവുമായി വരണം, അല്ലെങ്കില്‍ പിഴ ചുമത്തുകയും നിര്‍ബന്ധിത നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നോട്ടീസ് അയച്ചിരുന്നു, നിങ്ങളുടെ ഉദ്യോഗസ്ഥര്‍ പത്രങ്ങളോ സോഷ്യല്‍ മീഡിയയോ വായിക്കാറില്ലേ? എല്ലാവരും ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നവംബര്‍ 3-ന് എല്ലാ ചീഫ് സെക്രട്ടറിമാരും ഹാജരാകണം, അതാനായി ഞങ്ങള്‍ ഓഡിറ്റോറിയത്തില്‍ കോടതി നടത്തും,’ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അര്‍ച്ചന പാഥക് ഡേവിനോട് ജസ്റ്റിസ് നാഥ് പറഞ്ഞു.

ABC നിയമങ്ങള്‍ പ്രകാരം പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഓഗസ്റ്റ് 22-ന് കോടതി എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ കേരളമുള്‍പ്പെടെ ഭൂരിഭാഗം സംസ്ഥാനങ്ങളും ഇത് പാലിച്ചില്ല. മാത്രമല്ല, അവരുടെ പ്രതിനിധികളെ കോടതിയില്‍ ഹാജരാക്കിയുമില്ലെന്നും കണ്ടെത്തി.

‘തെരുവുനായ്ക്കളാല്‍ വേട്ടയാടപ്പെടുന്ന നഗരം, കുട്ടികള്‍ വില നല്‍കുന്നു’ എന്ന ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജസ്റ്റിസ് ജെ.ബി. പര്‍ദിവാല, ജസ്റ്റിസ് ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ച് ജൂലൈ 28-ന് സ്വമേധയാ കേസാണ് ഈ നടപടി വരെ എത്തി നില്‍ക്കുന്നത്.