മാറിടത്തില്‍ സ്പര്‍ശിക്കുന്നത് പീഡന ശ്രമമല്ലെന്ന കോടതിയുടെ വിവാദ നിരീക്ഷണം; സ്‌റ്റേ ചെയ്ത് സുപ്രീം കോടതി

Jaihind News Bureau
Wednesday, March 26, 2025

പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതും പൈജാമയുടെ വള്ളി അഴിക്കുന്നതും പെണ്‍കുട്ടിയെ വലിച്ചിഴയ്ക്കുന്നതും പീഡനമോ, പീഡന ശ്രമമോ ആയി കാണാന്‍ സാധിക്കില്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ വിചിത്ര നിരീക്ഷണത്തിന് സ്‌റ്റേ. സുപ്രീം കോടതിയാണ് ഹൈക്കോടതിയുടെ നിരീക്ഷണത്തിന് സ്‌റ്റേ നല്‍കിയത്. ജസ്. റാം മനോഹര്‍ നാരായണ്‍ മിശ്രയുടെ ഭാഗത്ത് നിന്ന് തികഞ്ഞ അശ്രദ്ധയാണ് ഉണ്ടായതെന്ന് കോടതി പറഞ്ഞു. ഏറെ വിവാദത്തിന് ഇടയാക്കിയ ഹൈക്കോടതിയുടെ നിരീക്ഷണത്തിനാണ് സുപ്രീം കോടതി സ്‌റ്റേ നല്‍കിയിരിക്കുന്നത്. പീഡനക്കേസുമായി ബന്ധപ്പെട്ടാണ് അലഹബാദ് ഹൈക്കോടതി വിചിത്ര നിരീക്ഷണം നടത്തിയത്.

അലഹബാദ് ഹൈക്കോടതി സമന്‍സ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് വിവാദ നിരീക്ഷണം നടത്തിയത്. പെണ്‍കുട്ടികളുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും പീഡനമോ പീഡന ശ്രമമായോ കാണാന്‍ കഴിയില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ഈ വിവാദ നിരീക്ഷണങ്ങളാണ് സുപ്രീം കോടതി സ്വമേധയ ഇടപ്പെട്ട് സ്റ്റേ നല്‍കിയിരിക്കുന്നത്. കേന്ദ്രത്തിനും യു.പി സര്‍ക്കാരിനും സുപ്രീം കോടതിയുടെ നോട്ടീസ് നല്‍കിയിട്ടുണ്ട്.