ഗവര്‍ണര്‍ക്കു പുറമെ രാഷ്ട്രപതിക്കും ബില്ലുകള്‍ക്ക് സമയപരിധി നിശ്ചയിച്ച് സുപ്രീം കോടതി. രാഷ്ട്രപതിക്ക് മുന്നില്‍ വരുന്ന ബില്ലുകള്‍ക്ക് മൂന്ന് മാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നാണ് കോടതി ഉത്തരവ്. അല്ലാത്ത പക്ഷം കാരണം വ്യക്തമാക്കണമെന്നും കോടതി അറിയിച്ചു.
ഗവര്‍ണര്‍ക്കെതിരെ തമിഴ്‌നാട് സര്‍ക്കാരിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ വിധിയിലാണ് ഇപ്പോള്‍ രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ചത്. രാഷ്ട്രപതിക്കും സമ്പൂര്‍ണ വീറ്റോ അധികാരം നല്‍കിയിട്ടില്ല. എന്നാല്‍ സുപ്രീം കോടതിയുടെ ഉത്തരവിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. ഭരണഘടന തിരുത്താനുള്ള അധികാരം പാര്‍ലമെന്റിനാണെന്നും രണ്ട് ജഡ്ജിമാര്‍ക്കിരുന്ന് മാറ്റി എഴുതാന്‍ അധികാരമില്ലെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു.