കുടിയേറ്റ തൊഴിലാളികളെ 15 ദിവസത്തിനകം മടക്കി അയക്കണം, തൊഴിലാളികള്‍ക്കെതിരായ കേസുകള്‍ റദ്ദാക്കണം: സുപ്രീം കോടതി

 

കുടിയേറ്റ തൊഴിലാളികളെ  15 ദിവസത്തിനകം മടക്കി അയക്കണമെന്ന് സുപ്രീം കോടതി. ലോക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ചതിന് കുടിയേറ്റ തൊഴിലാളികൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കുന്ന കാര്യം സംസ്ഥാനങ്ങൾ പരിഗണിക്കണം. സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടാൽ 24 മണിക്കൂറിനകം ശ്രമിക് ട്രെയിൻ റെയിൽവേ അനുവദിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.

കുടിയേറ്റ തൊഴിലാളികളുടെ മടക്കവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിച്ചു കൊണ്ടായിരുന്നു കോടതി നിർദേശം. 15 ദിവസത്തിനകം കുടിയേറ്റ തൊഴിലാളികളെ വീടുകളിൽ എത്തിക്കാനുള്ള നടപടി വേണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. വിലക്കുകൾ ലംഘിച്ച് സ്വന്തം വീടുകളിൽ പോകാൻ ശ്രമിച്ചതിന് കുടിയേറ്റ തൊഴിലാളികൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുന്ന കാര്യം സംസ്ഥാന സർക്കാരുകൾ പരിഗണിക്കണം.

സ്വന്തം വീടുകളിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന അന്തർ സംസ്ഥാന തൊഴിലാളികളുടെ യാത്രയ്ക്കുള്ള സൗകര്യങ്ങൾ അടിയന്തരമായി ഒരുക്കണമെന്നും സുപ്രീം കോടതി സർക്കാരുകളോട് നിർദേശിച്ചു. സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ റെയിൽവേ ശ്രമിക് തീവണ്ടികൾ അനുവദിക്കണം. മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്നവർക്ക് രജിസ്ട്രേഷൻ ആരംഭിക്കണം.

തൊഴിലാളികളുടെ പുനരധിവാസത്തിനായി സർക്കാരുകൾ തയ്യാറാക്കിയ എല്ലാ പദ്ധതികളും, അനൂകൂല്യങ്ങളും പരസ്യപ്പെടുത്തണം. തൊഴിൽ സാധ്യതകൾ കണ്ടെത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. കുടിയേറ്റ തൊഴിലാളികൾക്ക് വേണ്ടി തയ്യാറാക്കുന്ന് ക്ഷേമ പദ്ധതികൾ സർക്കാരുകൾ അറിയിക്കണമെന്നും ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

Comments (0)
Add Comment