പ്ലസ് വണ്‍ പരീക്ഷ ഓഫ്‌ലൈനായി നടത്താമെന്ന് സുപ്രീം കോടതി; കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം

Jaihind Webdesk
Friday, September 17, 2021

Supreme-Court-of-India

ന്യൂഡല്‍ഹി : സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ ഓഫ്‌ലൈനായി നടത്താന്‍ സുപ്രീം കോടതിയുടെ അനുമതി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരീക്ഷ നടത്താമെന്ന സര്‍ക്കാരിന്‍റെ ഉറപ്പ് മുഖവിലയ്ക്കെടുത്താണ് കോടതി ഉത്തരവിറക്കിയത്. പരീക്ഷയ്ക്കെതിരായ ഹർജികള്‍ കോടതി തള്ളി. ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബഞ്ചിന്‍റേതാണ് ഉത്തരവ്.

മൂന്നാം തരംഗ സാധ്യത ഉടനെയില്ലെന്ന് പറഞ്ഞ കോടതി ഏഴ് ലക്ഷം പേര്‍ ഓഫ്​ലൈനായി നീറ്റ് പരീക്ഷ എഴുതിയതും ചൂണ്ടിക്കാട്ടി.  നീറ്റിന് പുറമെ സാങ്കേതിക സര്‍വകലാലാശാല ഓഫ്​ലൈനായി നടത്തിയ പരീക്ഷ ഒരു ലക്ഷം പേര്‍ എഴുതിയിരുന്നുവെന്ന സര്‍ക്കാരിന്‍റെ സത്യവാങ്മൂലത്തിലെ കണക്കുകളും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ സമയം അനുവദിക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഭിഭാഷകന്‍ പ്രശാന്ത് പദ്മനാഭനും സര്‍ക്കാരിന് വേണ്ടി സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ സി.കെ ശശിയും ഹാജരായി.