വോട്ടിംഗ് ശതമാനം കാലതാമസമില്ലാതെ പുറത്തുവിടണമെന്ന ഹർജി; ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

Jaihind Webdesk
Friday, May 24, 2024

 

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനം പെട്ടെന്നുതന്നെ പുറത്തുവിടണമെന്ന ഹര്‍ജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി. ഹര്‍ജി വേനല്‍ അവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റി. വോട്ടെടുപ്പ് രണ്ട് ഘട്ടം മാത്രം ബാക്കി നിൽക്കെ ഹര്‍ജിയിൽ ഇടപെടുന്നതിൽ ബെഞ്ച് വൈമുഖ്യം അറിയിച്ചു. സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ചാണ് പരിഗണിക്കുന്നത്.

വോട്ടുകളുടെ എണ്ണം ഉൾപ്പെടെ എല്ലാ പോളിംഗ് സ്റ്റേഷനുകളിലെയും വോട്ടർമാരുടെ അന്തിമ ആധികാരിക ഡാറ്റ വോട്ടെടുപ്പ് നടന്ന് 48 മണിക്കൂറിനുള്ളിൽ വെളിപ്പെടുത്താൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് (ECI) നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് എൻജിഒ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (ADR) ആണ് സുപ്രീം കോടതിയെ സമീപിച്ചത്. പക്ഷെ ഹർജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ ദീപാങ്കർ ദത്തയും സതീഷ്ചന്ദ്ര ശർമ്മയും അടങ്ങുന്ന അവധിക്കാല ബെഞ്ച് വിസമ്മതിക്കുകയായിരുന്നു. എന്തുകൊണ്ടാണ് വോട്ടെടുപ്പിന്‍റെ തുടക്കത്തില്‍ ഹർജി നല്‍കാത്തതെന്നും കോടതി ചോദിച്ചു.

നാളെയാണ് ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ഏഴ് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്ര ഭരണ പ്രദേശത്തെയും 58 മണ്ഡലങ്ങളിലാണ് നാളെ വിധിയെഴുത്ത്. 889 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. ആറാം ഘട്ടത്തിൽ ഏറ്റവുമധികം മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കുന്നത് ഉത്തർപ്രദേശിലാണ്. ഉത്തർ പ്രദേശിലെ 14 ഉം ബിഹാർ, ബംഗാൾ എന്നിവിടങ്ങളിലെ എട്ടും ഒഡീഷയിലെ ആറും ഡല്‍ഹിയിലെ ഏഴും ഹരിയാനയിലെ പത്തും ജാർഖണ്ഡിലെ നാലും മണ്ഡലങ്ങള്‍ ആറാം ഘട്ടത്തില്‍ വിധി എഴുതും. ഏഴുസീറ്റുള്ള ഡൽഹിയിലും 10 സീറ്റുള്ള ഹരിയാനയിലും ഒറ്റ ഘട്ടത്തിലാണ് വോട്ടെടുപ്പ്. ജൂണ്‍ ഒന്നിനാണ് തിരഞ്ഞെടുപ്പിന്‍റെ അന്തിമഘട്ട വോട്ടെടുപ്പ്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് മാറ്റിയ ജമ്മു കാശ്മീരിലെ അനന്ത്നാഗിലും നാളെ വോട്ടെടുപ്പ് നടക്കും.