ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിന് ഇന്ന് മാഞ്ചസ്റ്ററില്‍ തുടക്കം. അഞ്ച് ടെസ്റ്റുകളുള്ള പരമ്പരയില്‍ 2-1 ന് പിന്നില്‍ നില്‍ക്കുന്ന ഇന്ത്യക്ക് ജയം അനിവാര്യമാണ്. ഇന്ത്യന്‍ താരങ്ങളുടെ അപ്രതീക്ഷിത പരുക്കുകള്‍ ടീമിന് തിരിച്ചടിയാണ്. ഇന്ത്യന്‍ സമയം 3:30 നാണ് മത്സരം.
മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡിലെ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് ഇന്ത്യക്ക് നിര്‍ണായകമാണ്. അഞ്ച് ടെസ്റ്റുകളുള്ള പരമ്പരയില്‍ ആതിഥേയര്‍ 2-1ന് മുന്നിലാണ് എന്നതിനാല്‍ ഇനിയൊരു തോല്‍വി പരമ്പര നഷ്ടത്തിന് ഇടയാക്കും. ജയിക്കാമായിരുന്ന രണ്ട് മല്‍സരങ്ങളിലാണ് ഇന്ത്യ തോറ്റത്. മൂന്ന് താരങ്ങള്‍ പരിക്കിന്റെ പിടിയിലായതോടെ നാലാം ടെസ്റ്റില്‍ ഇന്ത്യ അപ്രതീക്ഷിത മാറ്റങ്ങള്‍ക്ക് നിര്‍ബന്ധിതമാവുകയാണ്. പരിക്കേറ്റ അര്‍ഷ്ദീപ് സിങും ആകാശ് ദീപും ടീമില്‍ നിന്ന് പുറത്തായി. വിരലിന് പരിക്കേറ്റ ഋഷഭ് പന്ത് കളിക്കുന്ന കാര്യത്തിലും തീരുമാനമായിട്ടില്ല.
ഹെഡിംഗ്ലിയില്‍ നടന്ന ആദ്യ ടെസ്റ്റ് ഇംഗ്ലണ്ട് അഞ്ച് വിക്കറ്റിന് ജയിച്ചപ്പോള്‍, എഡ്ജ്ബാസ്റ്റണില്‍ നടന്ന രണ്ടാം ടെസ്റ്റ് ഇന്ത്യ സ്വന്തമാക്കുകയായിരുന്നു. ഇതോടെ പരമ്പര സമനിലയിലുമായി. എന്നാല്‍, അവസാന മത്സരത്തില്‍ 22 റണ്‍സിന് തോല്‍വി വഴങ്ങിയതോടെ ആതിഥേയര്‍ വീണ്ടും മുന്നില്‍. ഇതോടെ സമ്മര്‍ദം ഇരട്ടിയായിരിക്കുകയാണ്. ഒപ്പം താരങ്ങളുടെ പരിക്കും. പരമ്പര നഷ്ടപ്പെടുത്താതിരിക്കാന്‍ ജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യയ്ക്ക് ആഗ്രഹിക്കാന്‍ സാധിക്കില്ല.