SUPREME COURT| ജീവനാംശമായി 12 കോടി രൂപയും ബിഎംഡബ്ല്യു കാറും; സ്വന്തമായി സമ്പാദിക്കൂവെന്ന് യുവതിയോട് സുപ്രീം കോടതി

Jaihind News Bureau
Wednesday, July 23, 2025

ഭര്‍ത്താവില്‍ നിന്ന് ജീവനാംശമായി 12 കോടി രൂപയും ബിഎംഡബ്ല്യു കാറും ആവശ്യപ്പെട്ട യുവതിയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. വിദ്യാസമ്പന്നരായ സ്ത്രീകള്‍ ഭര്‍ത്താവിന്റെ പണത്തെ ആശ്രയിക്കുന്നതിനുപകരം സ്വയം സമ്പാദിച്ചുകൂടെ എന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. യുവതിയുടെ ആവശ്യം കേട്ടതിന് പിന്നാലെ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയാണ് ഇങ്ങനെ ചോദിച്ചത്.

‘നിങ്ങളുടെ വിവാഹം 18 മാസം മാത്രമേ നീണ്ടുനിന്നുള്ളൂ. ഇപ്പോള്‍ നിങ്ങള്‍ക്ക് ബിഎംഡബ്ല്യുവും പ്രതിമാസം ഒരു കോടി രൂപയും വേണോ? നിങ്ങള്‍ വിദ്യാഭ്യാസമുണ്ടെങ്കില്‍ യാചിക്കരുത്. നിങ്ങള്‍ സ്വയം സമ്പാദിക്കണം”- അദ്ദേഹം പറഞ്ഞു. എംബിഎക്കാരിയായ യുവതി ഐടി വിദഗ്ധ കൂടിയാണ്. യുവതിയുടെ യോഗ്യത പരിഗണിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം വ്യക്തമാക്കിയത്.

ഭര്‍ത്താവ് വളരെ സമ്പന്നനാണെന്നും തനിക്ക് ‘സ്‌കീസോഫ്രീനിയ’ ഉണ്ടെന്ന് ആരോപിച്ച് അയാള്‍ വിവാഹ ബന്ധം ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരുന്നെന്നും യുവതി കോടതിയില്‍ ആരോപിച്ചു. ഇത്രയും വന്‍തുക ജീവനാംശമായി ആവശ്യപ്പെടാന്‍ കഴിയില്ലെന്ന് യുവാവിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷക മാധവി ദിവാന്‍ കോടതിയില്‍ വാദിച്ചു.

മുംബൈയിലെ ഒരു ഫ്‌ലാറ്റില്‍ രണ്ട് പാര്‍ക്കിംഗ് സ്ഥലങ്ങള്‍ ഉള്ള ഒരു വീട്ടിലാണ് യുവതി ഇപ്പോള്‍ താമസിക്കുന്നതെന്നും അതില്‍ നിന്ന് വരുമാനം ഉണ്ടാക്കാന്‍ കഴിയുമെന്നും മാധവി ദിവാന്‍ കോടതിയില്‍ പറഞ്ഞു. യുവതി ജോലി ചെയ്യണമെന്നും, ഇതുപോലെ എല്ലാം ആവശ്യപ്പെടരുതെന്നും അഭിഭാഷക വാദിച്ചു. ഇരുകക്ഷികളോടും പൂര്‍ണമായ സാമ്പത്തിക രേഖകള്‍ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഭര്‍ത്താവിന്റെ പിതാവിന്റെ സ്വത്തില്‍ യുവതിക്ക് അവകാശവാദം ഉന്നയിക്കാന്‍ കഴിയില്ലെന്നും ബെഞ്ച് വ്യക്തമാക്കി.

ഭര്‍ത്താവിന്റെ പ്രവൃത്തികള്‍ കാരണം തന്റെ ജോലി നഷ്ടപ്പെടുകയും അയാള്‍ വ്യാജ കേസുകള്‍ നല്‍കിയെന്നും യുവതി ആരോപിച്ചു. ഒന്നുകില്‍ ഫ്‌ലാറ്റ് സ്വീകരിക്കുക അല്ലെങ്കില്‍ 4 കോടി രൂപ സ്വീകരിച്ച് പൂനെ, ഹൈദരാബാദ്, ബെംഗളൂരു പോലുള്ള ഐടി ഹബ്ബുകളില്‍ ജോലി തേടുക എന്നീ ഓപ്ഷനുകള്‍ കോടതി മുന്നോട്ടുവച്ചതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കേസില്‍ ഉത്തരവ് മാറ്റിവച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.