സിദ്ദിഖ് കാപ്പനെ ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റണം : സുപ്രീംകോടതി

Jaihind Webdesk
Wednesday, April 28, 2021

ന്യുഡല്‍ഹി :  മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി. ഡല്‍ഹിയിലെ എയിംസ്, ആര്‍എംഎല്‍ പോലുള്ള എതെങ്കിലും ആശുപത്രിയിലേക്ക് മാറ്റണമെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചത്. ഇതില്‍ ഏത് ആശുപത്രിയിലേക്ക് മാറ്റണമെന്ന കാര്യം ഉത്തര്‍പ്രദേശ് സര്‍ക്കാരിന് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു. ചികിത്സയ്ക്ക് ശേഷം കാപ്പന്‍ തിരികെ മഥുര ജയിലിലേക്ക് പോകണമെന്നും ഉത്തരവില്‍ പറയുന്നു.

കാപ്പനെ ഡല്‍ഹിയിലേക്ക് മാറ്റുന്നതാണ് നല്ലതെന്ന കോടതി നിരീക്ഷണത്തെ യുപി സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു. ഡല്‍ഹിയില്‍ കൊവിഡ് സാഹചര്യം രൂക്ഷമാണെന്നും ആശുപത്രി കിടക്ക പോലും ലഭിക്കാന്‍ ബുദ്ധിമുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.കാപ്പന് മികച്ച ചികിത്സ ലഭിക്കുന്നുണ്ടെന്നും ഡല്‍ഹിയിലേക്ക് മാറ്റിയാല്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുമെന്നും സോളിസറ്റര്‍ ജനറല്‍ ചൂണ്ടിക്കാണിച്ചു. എന്നാല്‍ ഈ വാദങ്ങളൊന്നും കോടതി അംഗീകരിച്ചില്ല.  ജാമ്യത്തിനായി കാപ്പന്‍ വിചാരണ കോടതിയെ നേരിട്ട് സമീപിക്കണമെന്നും കേസില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍റെ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ട് കോടതി പറഞ്ഞു. വിശദമായ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.